അഭിനയമില്ല; ജനങ്ങളെ വോട്ടു ബാങ്കായി കാണാതിരുന്നതാണ് തന്റെ വിജയമെന്ന് സ്മൃതി

smriti irani

കൊല്‍ക്കത്ത: ജനങ്ങളെ വോട്ടു ബാങ്കായി കാണാതിരുന്നതിനാലാണ് അമേഠിയില്‍ വിജയിച്ചതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. കൊല്‍ക്കത്തയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്.

അമേഠിയിലെ തന്റെ ആദ്യ മത്സരത്തില്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകളാണ് ലഭിച്ചതെന്നും ഇതാണ് പ്രചോദനമായതെന്നും സമൃതി പറഞ്ഞു.

ചെളിയില്‍ നിന്നും ധാന്യങ്ങള്‍ പെറുക്കി കഴിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവരെ വോട്ടു ബാങ്കായി കാണാതെ അവര്‍ക്കൊപ്പം നിലകൊള്ളുകയാണ് ചെയ്തത്, സ്മൃതി വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ അഭിനയിക്കേണ്ട കാര്യമില്ല. അത്തരത്തില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ കാലങ്ങളായി അമേഠി പിടിച്ചെടുത്ത കുടുംബത്തിന് പരാജയപ്പെടേണ്ടി വരില്ലായിരുന്നു, സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്മൃതി ഇറാനിയോട് പരാജയപ്പെടേണ്ടി വന്നത് 35899 വോട്ടുകള്‍ക്കായിരുന്നു. 2014-ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് വിജയം ഒരു മധുരപ്രതികാരമായിരുന്നു.

അതേസമയം, വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും കേരളത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് രാഹുല്‍ ഗാന്ധി വിജയിച്ചത്.

Top