ഗള്‍ഫിലെ മലയാളികള്‍ക്ക് ആടുജീവിതം, ലോക കേരള സഭ ആര്‍ഭാടം: ആഞ്ഞടിച്ച് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
രണ്ടാം ലോക കേരള സഭാ സമ്മേളനവുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക കേരള സഭ ആര്‍ഭാടവും ധൂര്‍ത്തുമാണ്.ഗള്‍ഫില്‍ മലയാളികള്‍ ആടുജീവിതം നയിക്കുമ്പോള്‍ അവരുടെ പേരില്‍ ആര്‍ഭാടമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണു തിന്നുന്ന സംസ്ഥാനത്താണ് കോടികള്‍ ചെലവാക്കി ധൂര്‍ത്ത് നടത്തുന്നത്. എന്ത് നേട്ടമാണ് സംസ്ഥാന സര്‍ക്കാരിന് ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഒന്നാം ലോക കേരളസഭ കോടികള്‍ മുടക്കിയിട്ടും സംസ്ഥാനത്തിന് നേട്ടമുണ്ടായിട്ടില്ല. രണ്ടാം ലോക കേരളസഭയും പാഴ്‌വേലയാണ്‌. അതിനാല്‍ ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ല. യുഡിഎഫ് ലോക കേരളസഭ ബഹിഷ്‌ക്കരിക്കുകയാണ്.യുഡിഎഫ് അംഗങ്ങളെല്ലാം ലോക കേരളസഭയില്‍നിന്നും രാജിവച്ചെന്നും ചെന്നിത്തല പറഞ്ഞു.

കാപട്യത്തോട് യോജിച്ച് പോകാനാകില്ലെന്ന യുഡിഎഫ് നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്ന്‌ചെന്നിത്തല ആവര്‍ത്തിച്ചു. ലോക കേരള സഭ ഒരു കാപട്യമായി മാറിയെന്നും ആ കാപട്യത്തോട് ചേര്‍ന്നു നില്‍ക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ലെന്നും നേരത്തെ തന്നെ പ്രതിപക്ഷ നേതാവ് നയം വ്യക്തമാക്കിയിരുന്നു.

Top