വാര്‍ത്ത വ്യാജം ; സിറിയയിലേക്ക് കൂടുതല്‍ സൈനികരെ അയക്കില്ലെന്ന് അമേരിക്ക

വാഷിങ്ടണ്‍ : സിറിയയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും സിറിയയിലെ സൈനികരുടെ എണ്ണം കുറച്ചുകൊണ്ടുവരാനാണ് ശ്രമമെന്നും അമേരിക്ക. യുദ്ധരഹിത മേഖല ഒരുക്കുന്നതിന്റെ ഭാഗമായി വടക്കന്‍ സിറിയയില്‍ തുര്‍ക്കി സൈന്യത്തിനൊപ്പം പട്രോളിങ് നടത്തുമെന്നും അമേരിക്ക അറിയിച്ചു.

കുര്‍ദ് സ്വാധീന മേഖലയായി വടക്കന്‍ സിറിയയില്‍ യുദ്ധ രഹിത മേഖല സ്ഥാപിക്കുന്നതിന്റെ ഭാഗമായി സംയുക്ത പട്രോളിങിന് അമേരിക്കയും തുര്‍ക്കിയും തീരുമാനിച്ചിരുന്നു. സിറിയയില്‍ തയ്യാറാക്കുന്ന യുദ്ധരഹിത മേഖല തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള സുരക്ഷാ ഇടനാഴിയായി ഉപയോഗപ്പെടുത്താനും നീക്കമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്ക 150 ട്രൂപ്പുകളെ കൂടി സിറിയയിലേക്ക് അയക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

യുദ്ധരഹിതമേഖല സ്ഥാപിക്കുന്നത് തുര്‍ക്കി അതിര്‍ത്തി കൈയ്യടക്കുന്നതില്‍ നിന്ന് കുര്‍ദ് സായുധ സംഘടന വൈപിജിയെ തടയുന്നതിന് ഗുണം ചെയ്യുമെന്നാണ് തുര്‍ക്കിയുടെ പ്രതീക്ഷ.

വൈപിജി തീവ്രവാദ സംഘടനയാണെന്നാണ് തുര്‍ക്കിയുടെ നിലപാട്. യുദ്ധരഹിത മേഖല സ്ഥാപിച്ചില്ലെങ്കില്‍ തുര്‍ക്കിയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയില്ലെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top