അമേരിക്കക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലിടം ആമസോണ്‍

പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ട്ഇനിലെ ഡേറ്റ പ്രകാരം 2021ല്‍ ഏറ്റവുമധികം അമേരിക്കക്കാര്‍ ജോലിയെടുക്കാന്‍ ആഗ്രഹിക്കുന്നത് ആമസോണിലാണ്. 2019ലെ ഈ ലിസ്റ്റില്‍ കമ്പനി മൂന്നാം സ്ഥാനത്തായിരുന്നു. ലോകമെമ്പാടും നിന്നുള്ള 740 ദശലക്ഷം ഉപയോക്താക്കളുള്ള ലിങ്ക്ട്ഇന്‍ പുറത്തുവിട്ട ഏറ്റവും പുതിയ ലിസ്റ്റിലാണ് ആമസോണ്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അമേരിക്കയില്‍ ജോലിചെയ്യാന്‍ ഇഷ്ടമുള്ള കമ്പനി ഏതാണ് എന്ന ചോദ്യത്തിനാണ് ആളുകള്‍ വോട്ടു ചെയ്തത്.

ആമസോണിനു പിന്നിലായി ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ്, ജെപിപോര്‍ഗന്‍ ചെയ്‌സ്, എടിആന്‍ഡ്ടി, ബാങ്ക് ഓഫ് അമേരിക്ക എന്നീ കമ്പനികള്‍ ഇടംപിടിച്ചിരിക്കുന്നു. ആമസോണിനെ തൊഴിലന്വേഷകര്‍ ഇഷ്ടപ്പെടാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട് – വിവിധ തരം തസ്തികള്‍ ഉണ്ടെന്നതു കൂടാതെ, തങ്ങളുടെ ജോലിക്കാര്‍ക്ക് പുതിയ പുതിയ ശേഷികള്‍ ഓരോ വര്‍ഷവും പകര്‍ന്നുകൊടുക്കുന്ന കാര്യത്തിലും ആമസോണിനെ ആളുകള്‍ പ്രകീര്‍ത്തിക്കുന്നു.

കോര്‍പറേറ്റ് ഓഫിസുകളിലെ ജോലികള്‍ മുതല്‍ പാക്കിങ് ജോലികള്‍ വരെ ആമസോണില്‍ ലഭിക്കും. ജോലിക്കാരെ ആകര്‍ഷിക്കുന്നതു മുതല്‍ അവരെ നിലനിര്‍ത്തുന്നതു വരെയുള്ള പല കാര്യങ്ങളും ലിങ്ക്ട്ഇന്‍ പരിഗണിക്കുന്നു. സമയാസമയങ്ങളില്‍ നല്‍കുന്ന പ്രമോഷനുകള്‍, ജോലിക്കാര്‍ക്ക് പുതിയ കഴിവുകള്‍ ഒരോ വര്‍ഷവും പഠിപ്പിച്ചു കൊടുക്കുന്ന കാര്യം, ലിംഗവൈവിധ്യം, എല്ലാത്തരം വിദ്യാഭ്യാസ യോഗ്യതയുമുള്ള ആളുകളെ ജോലിക്കെടുക്കുക തുടങ്ങി കാര്യങ്ങളെല്ലാം പരിഗണിക്കുന്നു. ഉത്സാഹികളും തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം എത്തിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ ജോലിചെയ്യുന്നവരുമായ ജോലിക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രോത്സാഹനം നല്‍കുന്ന കമ്പനിയാണ് ആമസോണെന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം മാത്രം കമ്പനി 400,000 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. ഇതുകൂടാതെ ലോകമെമ്പാടുമായി പതിനായിരക്കണക്കിനു പേര്‍ക്കും തൊഴില്‍ നല്‍കുന്നു. തൊഴിലാളി വിരുദ്ധ കമ്പനിയായി മുദ്രകുത്തി ആമസോണില്‍ യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമങ്ങള്‍ അടുത്തിടെ നടന്നിരുന്നു.

Top