അമേരിക്കന്‍ ടെന്നീസ് താരം കൊക്കോ ഗൗഫിന് കൊവിഡ്; ഒളിംപിക്‌സില്‍ നിന്ന് പിന്മാറി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നിസ് താരം കൊക്കോ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചു. ടോക്യോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറി. വനിതാ ടെന്നില്‍ യുഎസ്എ ടീമിനെ നയിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് 17കാരിയായ ഗൗഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

ലോക റാങ്കിങ്ങില്‍ 23ആം സ്ഥാനത്തുള്ള ഗൗഫ് ഈ മാസം നടന്ന വിംബിള്‍ഡണില്‍ പ്രീക്വാര്‍ട്ടറിലാണ് പുറത്തായത്. ഒളിംപിക്‌സില്‍ അമേരിക്കയെ പ്രതിനിധീകരിക്കുക എന്നത് വലിയ സ്വപ്നമായിരുന്നുവെന്നും പങ്കെടുക്കാനാവാത്തത് വലിയ നിരാശയാണെന്നും ഗൗഫ് പറഞ്ഞു.

മത്സരിച്ചിരുന്നുവെങ്കില്‍ 2000ലെ സിഡ്‌നി ഒളിംപിക്‌സിനുശേഷം മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന റെക്കോര്‍ഡ് ഗൗഫിന് സ്വന്തമാവുമായിരുന്നു. നേരത്തെ ഒളിംപിക്‌സിനായി ടോക്യോയിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടെന്നീസ് താരം അലക്‌സ് ഡി മിനൗറിനും ഒളിംപിക്‌സ് നഷ്ടമായിരുന്നു.

ടെന്നീസിലാണ് ഇത്തവണ കൂടുതല്‍ താരങ്ങള്‍ ഒളിംപിക്‌സില്‍ നിന്ന് ഇതുവരെ പിന്‍മാറിയത്. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, സെറീന വില്യംസ്, സിമോണ ഹാലെപ്, സ്റ്റാന്‍ വാവ്റിങ്ക, ഡൊമിനിക് തീം എന്നിവരൊന്നും ടോക്യോയിലെത്തില്ല.

 

Top