അമേരിക്കന്‍ ടെലിവിഷന്‍ ഇതിഹാസം ലാറി കിങിന് കോവിഡ് ബാധ

വാഷിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് കോവിഡ്-19 ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍.

ഒരാഴ്ചയിലേറെയായി ലോസ് ആഞ്ജലിസ് സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ് ഇദ്ദേഹം. എണ്‍പത്തേഴ്കാരനായ ലാറി കിങ്ങിന് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നിലവിലുണ്ട്. ടൈപ്പ് 2 പ്രമേഹരോഗമുള്ള അദ്ദേഹത്തിന് നിരവധി തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്. കൂടാതെ ശ്വാസകോശാര്‍ബുദവും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ചുരുട്ടി വെച്ച ഷര്‍ട്ടിന്റെ കൈകളുമായി പല നിറത്തിലുള്ള ടൈകളും സസ്പെന്‍ഡേഴ്സും വലിപ്പമേറിയ കണ്ണടകളും ധരിച്ചെത്തുന്ന ലാറി കിങ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളുമായി ലാറി നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

2010 ല്‍ സിഎന്‍എന്നില്‍ നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച ‘ലാറി കിങ് ലൈവ്’ഏറെ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു. അതിന് ശേഷം സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച ലാറി 2012 ല്‍ അദ്ദേഹത്തിന്റെ തന്നെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓറ ടിവിയില്‍ ‘ലാറ കിങ് നൗ’ എന്ന പരിപാടി അവതരിപ്പിക്കാനാരംഭിച്ചു. കൂടാതെ 2013 ല്‍ ‘പൊളിറ്റിക്കിങ് വിത്ത് ലാറി കിങ്’ എന്ന മറ്റൊരു പരിപാടിയുടെ അവതരണവും ഓറ ടിവിയില്‍ അദ്ദേഹം ആരംഭിച്ചിരുന്നു.

Top