സൗദിയെ ഇറാൻ ആക്രമിക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട് !

റാന്‍ സൗദി അറേബ്യയെ ആക്രമിക്കുമെന്ന് പരക്കെ ആശങ്ക. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധമായി സൗദിക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റലിജന്‍സ് വിവരത്തിന്റെ വിശദാംശങ്ങളൊന്നും പത്രം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അമേരിക്കന്‍, സൗദി, മിഡില്‍ ഈസ്റ്റിലെ സഖ്യ സേനകള്‍ നിലവില്‍ അതീവ ജാഗ്രതയിലാണ്. അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്ന ഇറാഖി നഗരത്തിലും ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണ്‍ പ്രസ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് ‘ഭീഷണി സാഹചര്യത്തെക്കുറിച്ച് അമേരിക്ക ആശങ്കാകുലരാണ്’ എന്നാണ്. ‘ഇറാഖിലോ മറ്റെവിടെയെങ്കിലുമോ നമ്മുടെ സൈന്യം എവിടെ സേവനം ചെയ്താലും സ്വയം സംരക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള അവകാശം നിക്ഷിപ്തമാണെന്നും ‘ അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

ഇറാന്‍ സൈന്യം ഈ വര്‍ഷം നിരവധി തവണ ഇറാഖില്‍ ഉള്‍പ്പെടെ ആക്രമണം നടത്തിയിട്ടുണ്ട്, മാര്‍ച്ചില്‍ മാത്രം ഒരു ഡസന്‍ ബാലിസ്റ്റിക് മിസൈലുകളാണ് തൊടുത്തുവിട്ടിരിക്കുന്നത്. സെപ്തംബര്‍ അവസാനം മുതല്‍ കൂടുതല്‍ മിസൈലുകളും ഡ്രോണുകളും ഇറാന്‍ സൈന്യം ഉപയോഗിച്ചിട്ടുണ്ട്. ഇറാഖി നഗരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കുര്‍ദിഷ് ‘ഭീകര ഗ്രൂപ്പുകളെ’ ലക്ഷ്യമിട്ടായിരുന്നു ഏറ്റവും പുതിയ ആക്രമണമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത് വിദേശ ശക്തികള്‍, പ്രത്യേകിച്ച് അമേരിക്ക, ഇസ്രായേല്‍, സൗദി അറേബ്യ – തുടങ്ങിയ രാജ്യങ്ങള്‍, ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നല്‍കുന്ന പിന്തുണയാണ് ഇറാന്റെ കോപത്തിന് കാരണമായിരിക്കുന്നത്

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ കമാന്‍ഡര്‍ ജനറല്‍ ഹുസൈന്‍ സലാമി, കഴിഞ്ഞ മാസം സൗദി ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു’ എന്ന് പരസ്യമായാണ് ആരോപിച്ചിരുന്നത്. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഭരണകൂടം തെരുവില്‍ മാത്രമല്ല കലാലയങ്ങളിലും കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് ഉള്ളത്. വിവിധ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഭരണകൂടത്തിനെതിരെ രംഗത്തി റങ്ങിയത് ഇറാന്‍ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ജനശ്രദ്ധ തിരിച്ചു വിടാന്‍ ഇറാന്‍ സാഹസം കാട്ടുമെന്നാണ് അമേരിക്കയും സഖ്യകക്ഷികളും ഭയക്കുന്നത്.

ഇറാന്‍ – റഷ്യ ബന്ധം ശക്തമായതും , യുക്രെയിനെ ആക്രമിക്കാന്‍ ഡ്രോണുകള്‍ ഇറാന്‍ റഷ്യക്ക് നല്‍കിയതും അമേരിക്കയെ ചൊടിപ്പിച്ച സംഭവമാണ്. റഷ്യ – ഇറാന്‍ ബന്ധം ഉപദ്രവമാകാതിരിക്കാന്‍ അറബ് രാജ്യങ്ങളും റഷ്യയുമായി അടുത്തയിടെ ബന്ധം വലിയ രൂപത്തില്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്.

 

Top