അമേരിക്കന്‍ വജ്രമാല, ഹൈദരാബാദില്‍ നിന്ന് സ്വര്‍ണ പാദുകങ്ങള്‍ ; രാംലല്ലയ്ക്ക് കോടികളുടെ സമ്മാനപ്രവാഹം

യോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന രാംലല്ലയ്ക്ക് ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്ന് സമര്‍പ്പണം. അമേരിക്കന്‍ വജ്രമാല, ഹൈദരാബാദില്‍ നിന്ന് സ്വര്‍ണ പാദുകങ്ങള്‍, നേപ്പാളില്‍ നിന്ന് 1000 ബാസ്‌ക്കറ്റ് നിറയെ സമ്മാനങ്ങള്‍, എന്നിങ്ങനെ നീളുന്നു കാഴ്ചകള്‍. രണ്ട് കിലോഗ്രാം വെള്ളിയില്‍ അയ്യായിരം അമേരിക്കന്‍ വജ്രങ്ങള്‍ പതിച്ച മാലയാണ് രാംലല്ലയ്ക്ക് ചാര്‍ത്താനായി സമര്‍പ്പണം. സൂരത്തിലെ രാസേഷ് ജ്വല്‍ ഡയറക്ടറും വജ്ര വ്യാപാരിയുമായ കൗശിക് കക്കാഡിയയാണ് രാംലല്ലയ്ക്ക് ഈ കാണിക്ക സമര്‍പ്പിച്ചത്. രാമ ക്ഷേത്ര മാതൃകയിലാണ് വജ്രമാല തയാറാക്കിയിരിക്കുന്നത്. 40 ആഭരണ നിര്‍മാതാക്കള്‍ 35 ദിവസമെടുത്ത് രാപ്പകല്‍ ഉറക്കമുളച്ച് നിര്‍മിച്ചതാണ് ഈ ഭ്രഹ്‌മാണ്ഡ വജ്രമാല.

ഹൈദരാബാദില്‍ നിന്ന് സ്വര്‍ണ പാദുകങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ചല്ലാ ശ്രീനിവാസ് ശാസ്ത്രിയാണ് സ്വര്‍ണ പാദുകള്‍ കാഴ്ചവച്ചത്. ഇതിന് പുറമെ നേപ്പാളിലെ ജനക്പുരിയില്‍ നിന്ന് 1000 ബാസ്‌കറ്റുകളില്‍ പ്രത്യേക സമ്മാനങ്ങള്‍ രാംലല്ലയ്ക്കായി എത്തിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠയ്ക്കായി ഒരുങ്ങിയിരിക്കുകയാണ് രാമക്ഷേത്രം. ഇന്ന് ഉച്ചക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യ യജമാനന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവരാണു പ്രാണപ്രതിഷ്ഠാ സമയത്ത് ശ്രീകോവിലില്‍ ഉണ്ടാവുക. ക്ഷണിക്കപ്പെട്ട പ്രത്യേക 7000 അതിഥികള്‍ക്ക് മാത്രമാണ് പ്രാണപ്രതിഷ്ഠ ചടങ്ങ് കാണാന്‍ അവസരം. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

Top