നിത്യാനന്ദയുടെ കൈലാസയുമായുള്ള കരാറില്‍ നിന്ന് പിന്‍മാറി അമേരിക്കന്‍ നഗരം

ന്യൂയോർക്ക്: നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് കൈലാസ’യുമായുള്ള സൗഹൃദ കരാര്‍ അമേരിക്കൻ ന​ഗരമായ നെവാര്‍ക്ക് റദ്ദാക്കി. ജനുവരി 12നായിരുന്നു കൈലാസയുമായി നെവാര്‍ക്ക് സഹോദര നഗര കരാറില്‍ ഒപ്പുവച്ചത്. കൈലാസത്തിന്റെ പ്രതിനിധി മാ വിജയപ്രിയ യുഎന്‍ യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെ, സ്വയം പ്രഖ്യാപിത രാജ്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കൈലാസയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ന്യൂ ജെഴ്‌സിയിലെ നെവാര്‍ക്ക് നഗരം തീരുമാനിച്ചത്. മനുഷ്യാവകാശങ്ങള്‍ നിലനില്‍ക്കാത്ത സ്ഥലങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് കരാറില്‍ നിന്ന് പിന്‍മാറിയതെന്ന് നെവാര്‍ക്ക് സിറ്റി അധികൃതര്‍ വ്യക്തമാക്കി.

‘കൈലാസയെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി. ജനുവരി 12ലെ ഉടമ്പടി റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ‘ഇതൊരു ഖേദകരമായ സംഭവമാണ്. അതേസമയം, പരസ്പര ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന് വിവിധ സംസ്‌കാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളുകളുമായി സഹകരിക്കാന്‍ നഗരം തയ്യാറാണ്’- ‘- നെവാര്‍ക്ക് സിറ്റി ഓഫ് കമ്മ്യൂണിക്കേഷന്‍ പ്രെസ് സെക്രട്ടറി സൂസന്‍ ഗരോഫലോ പിടിഐയോട് പറഞ്ഞു.

ബലാത്സംഗ കുറ്റം അടക്കം ചുമത്തി ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ച നിത്യാനന്ദ, 2019ലാണ് കൈലാസം എന്നപേരില്‍ രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപിച്ചത്. രാജ്യത്ത് 200 കോടി ഹിന്ദുക്കള്‍ താമസിക്കുന്നുണ്ടെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ തങ്ങളുടെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്.

മനുഷ്യാവകാശങ്ങള്‍ നിലനില്‍ക്കാത്ത സ്ഥലങ്ങളുമായി സഹോദര നഗര കരാറില്‍ ഏര്‍പ്പെടുന്നത് ഹിതകരല്ലെന്ന് ചൂണ്ടിക്കാട്ടി ലാര്‍ജ് ലൂയിസ് ക്വിന്റാന കൗണ്‍സിലര്‍ അവതരിപ്പിച്ച പ്രമേയത്തെ തുടര്‍ന്നാണ് സിറ്റി കൗണ്‍സില്‍ കരാറില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചത്.

ഫെബ്രുവരി 22ന് ജനീവയില്‍ നടന്ന യുഎന്‍ പൊതു സമ്മേളനത്തിലാണ് കൈലാസത്തില്‍ നിന്നുള്ള പ്രതിനിധി പങ്കെടുത്തത്. ‘റെപ്രസന്റേഷന്‍ ഓഫ് വുമണ്‍ ഇന്‍ ഡിസിഷന്‍ മേക്കിങ് സിസ്റ്റം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലും സാമ്പത്തിക, സാമൂഹ്യ, അടിസ്ഥാന വികസന വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയിലും കൈലാസയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. ഇത്തരം ചര്‍ച്ചകള്‍ എന്‍ജിഒകള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് എന്നാണ് വിഷയത്തില്‍ യുഎന്‍ നല്‍കിയ വിശദീകരണം.

Top