പാകിസ്ഥാന്‍ മുന്‍ മന്ത്രി റഹ്മാന്‍ മാലിക്കിനെതിരെ പീഡന ആരോപണവുമായി അമേരിക്കന്‍ ബ്ലോഗര്‍

വാഷിങ്ടണ്‍: പാകിസ്ഥാന്‍ മുന്‍ മന്ത്രി റഹ്മാന്‍ മാലിക് പീഡിപ്പിച്ചുവെന്ന ആരോപണവുമായി അമേരിക്കന്‍ ബ്ലോഗര്‍ സിന്തിയ.ഡി.റിച്ചിയ രംഗത്ത്.

2011ല്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയായ റഹ്മാന്‍ മാലിക് മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിച്ചിയയുടെ ആരോപണം. മാത്രമല്ല മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഖിലാനിയും മുന്‍ ആരോഗ്യമന്ത്രി മക്തും ഷഹാബുദ്ദീനും ഇസ്ലാമാബാദിലെ പ്രസിഡന്റ് ഹൗസില്‍ വെച്ച് തന്നെ ഉപദ്രവിച്ചുവെന്നും റിച്ചിയ ആരോപിക്കുന്നു.

ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റിച്ചിയ ഉന്നയിക്കുന്നത്. അതേസമയം, ബേനസീര്‍ ഭൂട്ടോക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് റിച്ചിയക്കെതിരെ പാര്‍ട്ടിയിലെ ഒരംഗം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ആരോപണങ്ങളുമായി യു.എസ് ബ്ലോഗര്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പാകിസ്ഥാന്‍ തനിക്ക് രണ്ടാം വീടാണെന്നാണ് റിച്ചിയ പറയുന്നത്. ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകളും തന്റെ കൈയിലുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

Top