ജിബ്രാൾട്ടറിൽ നിന്ന് വിട്ടയച്ച ഇറാൻ എണ്ണ കപ്പലിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തി

ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് വിട്ടയച്ച ഇറാന്‍ എണ്ണ കപ്പലിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. കപ്പിത്താന്‍ കുമാര്‍ അഖിലേഷിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായും അമേരിക്ക പ്രഖ്യാപിച്ചു.

പ്രത്യേക ഉത്തരവ് മുഖേനയാണ് കപ്പലിനും കപ്പിത്താനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാനിലെ ഇസ്‌ലാമിക് ഗാര്‍ഡിനു വേണ്ടി ഭീകര പ്രവര്‍ത്തനം നടത്തി എന്നു പറഞ്ഞാണ് കപ്പിത്താനെ തീവ്രവാദിയായി മുദ്രകുത്തിയത്. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നും അമേരിക്ക കുറ്റപ്പെടുത്തി.

ഒരു മാസത്തിലേറെ തടഞ്ഞിട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18നാണ് ജിബ്രാള്‍ട്ടറില്‍ നിന്ന് ഇറാന്‍ എണ്ണ കപ്പല്‍ വിട്ടയച്ചത്. വിലക്ക് മറികടക്കാന്‍ കപ്പലിന്റെ പേര് മാറ്റിയെങ്കിലും പല തുറമുഖങ്ങളിലും അനുമതി നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

അമേരിക്ക, ഇറാന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യസ്ഥ നീക്കത്തിന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂണിയന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Top