അടിയന്തരാവസ്ഥ ; ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ജനാധിപത്യത്തിന്റെ അന്ത്യമാണെന്ന്‌ . .

വാഷിങ്ടണ്‍ : അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ ട്രംപിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തി.

ട്രംപിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്‍കോ റോബിയോ വ്യക്തമാക്കിയത്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുകയാണ്. അടിയന്തരാവസ്ഥ തീരുമാനത്തോടെ രാജ്യത്തിന്റെ പുരോഗതിക്ക് കോട്ടം തട്ടുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിന്റെ തീരുമാനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ആശങ്കയുണ്ടെന്ന് മറ്റൊരു അംഗം റോണ്‍ ജോണ്‍സും വ്യക്തമാക്കി.

ഇതിനിടെ വിവിധ ഭാഗങ്ങളില്‍ ആക്ടിവിസ്റ്റുകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ട്രംപിന്റെ തീരുമാനം ജനാധിപത്യത്തിന്റെ അന്ത്യമായാണ് ആക്ടിവിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.

മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാത്തതിനാലാണു ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. മതില്‍ നിര്‍മിച്ചാല്‍ തങ്ങളുടെ ഭൂമി വിഭജിക്കപ്പെടുമെന്നു പറഞ്ഞ് തെക്കന്‍ ടെക്സാസിലെ ഭൂഉടമകള്‍ കോടതിയെ സമീപിച്ചിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിലും ട്രംപിന്റെ നിലപാടിലു ആശങ്കയുണ്ടന്ന് പറഞ്ഞ് ബിഷപ്പുകളും കാലിഫോര്‍ണിയയിലെയും ന്യൂയോര്‍ക്കിലെയും ഗവര്‍ണര്‍മാരും രംഗത്തെത്തിയിരുന്നു.

അതേസമയം, കോണ്‍ഗ്രസിന്റെ അധികാരത്തെ പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമമാണ് ദേശീയ അടിയന്തിരാവസ്ഥ എന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ആരോപിച്ചു. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളര്‍ നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് ട്രംപ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

Top