പാകിസ്ഥാനിലെ സൈനിക പരിശീലനം അവസാനിപ്പിച്ച് അമേരിക്ക

pak-america

വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ സൈന്യവുമായി നടത്തിവന്നിരുന്ന പരിശീലന പരിപാടികളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അമേരിക്ക നിര്‍ത്തലാക്കി. സൈനിക പരിശീലനത്തിനുള്ള ധനസഹായവും ട്രംപ് ഭരണകൂടം പിന്‍വലിച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്ക നല്‍കി വന്നിരുന്ന 1.15 ബില്ല്യണ്‍ ഡോളറിന്റെ സൈനിക സഹായം നിര്‍ത്തലാക്കിയതിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാന് വലിയ തിരിച്ചടി ലഭിക്കുന്ന പുതിയ തീരുമാനവും. എന്നാല്‍ ഇത് വരെ ഒരു പരസ്യ പ്രസ്ഥാവനയ്ക്ക് പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

ചൈനയോടും റഷ്യയോടും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കാന്‍ ഈ നടപടി കാരണമാകും. തീരുമാനം ദീര്‍ഘവീക്ഷമമില്ലാത്തതാണെന്നാണ് യുഎസ് പത്രങ്ങളുടെയടക്കം നിരീക്ഷണം. നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാഹചര്യം തിരിച്ചടിയാകുമെന്നും ഉഭയകക്ഷി ബന്ധം വഷളാക്കുമെന്നും മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.

പാകിസ്ഥാന്‍ തീവ്രവാദികളുടെ പറുദീസയാണെന്ന് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി പാകിസ്ഥാന് അമേരിക്ക 33 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയത് വിഡ്ഢിത്തമായിപ്പോയി. നുണയും വഞ്ചനയും അല്ലാതെ മറ്റൊന്നും തിരികെ കിട്ടിയിട്ടില്ലെന്നും ട്വീറ്റില്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

Top