ആഗോള താപന നിയന്ത്രണം, പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി

trump

വാഷിങ്ടണ്‍: ആഗോള താപനം നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറി അമേരിക്ക. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഉടമ്പടി എന്നാരോപിച്ചാണ് പിന്‍മാറ്റം.

ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അറിയിച്ചത്. വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് തീരുമാനം വെളിപ്പെടുത്തിയത്.

മുമ്പ് ഇറ്റലിയിലെ സിസിലയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുന്നതായുള്ള സൂചന ട്രംപ് നല്‍കിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുത്ത് രാജ്യങ്ങളില്‍ അമേരിക്ക ഒഴികെയുള്ള ആറുരാജ്യങ്ങളും പാരീസ് ഉടമ്പടി അനുസരിക്കാന്‍ തീരുമാനിച്ചിരുന്നു. ഉടമ്പടി പ്രകാരം ആഗോള താപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുകയും വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും വേണം. ഇതാണ് അമേരിക്കയുടെ എതിര്‍പ്പിന് പിന്നില്‍. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന നിലപാടിലാണ് ട്രംപ് ഉറച്ചു നില്‍ക്കുന്നത്.

പാരീസ് ഉടമ്പടി ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും കാലാവസ്ഥാ സംരക്ഷണം വെറും തട്ടിപ്പാണെന്നും ട്രംപ് വ്യക്തമാക്കി.

കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിന് വേണ്ടി മാത്രമാണ് ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പിട്ടതെന്നും ട്രംപ് ആരോപിക്കുന്നു. ചൈനക്കും ഇന്ത്യക്കും അവരുടെ കല്‍ക്കരി പാടങ്ങള്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ കാര്യം വരുമ്പോള്‍ മാത്രം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചിലര്‍ അതിനെ തടസപ്പെടുത്തുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ പിന്മാറ്റം പാരീസ് ഉടമ്പടിയുടെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുന്നത് തുല്യമാണെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ട്രംപിന്റെ തീരുമാനം വന്നത്.

2015 ഡിസംബറില്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ചേര്‍ന്ന കാലാവസ്ഥാ ഉച്ചകോടിയാണ് ആഗോളതാപനം നിയന്ത്രിക്കാനുള്ള പുതിയ ഉടമ്പടി മന്നോട്ടുവെച്ചത്. ഈ ഉടമ്പടിക്ക് വേണ്ടി ഏറെ പരിശ്രമിച്ചയാളാണ് ട്രംപിന്റെ മുന്‍ഗാമിയായ ബരാക് ഒബാമ. 2016 നവംബര്‍ നാലിന് ഉടമ്പടി നിലവില്‍ വന്ന ഉടമ്പടി പ്രകാരം ഭൗമതാപനിലയിലെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക, ക്രമേണ ആ വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുക എന്നതാണ് രാജ്യങ്ങളുടെ ഉത്തരവാദിത്തം.

ഇതിൽ 195 രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഒപ്പിട്ടു. 147 രാജ്യങ്ങള്‍ ഉടമ്പടി നടപ്പാക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ 22നാണ് ഇന്ത്യ പാരീസ് ഉടമ്പടി അംഗീകരിച്ചത്. കാലാവസ്ഥാവ്യതിയാനം തട്ടിപ്പാണെന്നും പാരീസ് ഉടമ്പടി അനുസരിക്കില്ലെന്നുമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞിരുന്നത്. താന്‍ പ്രസിഡന്റായാല്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ കരാര്‍ റദ്ദ് ചെയ്യുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് പറഞ്ഞിരുന്നു.

Top