ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞ് വീഴ്ച; അമേരിക്കയില്‍ ട്രെയിന്‍ പാളങ്ങളില്‍ തീയിട്ട് പരീക്ഷണം,ദൃശ്യങ്ങള്‍ വൈറല്‍

ഷിക്കാഗോ: അതിശൈത്യത്താല്‍ മൂടിയിരിക്കുകയാണ് അമേരിക്ക. വാഹനങ്ങളിലെ ഡീസല്‍ പോലും തണുത്തുറയുന്ന അവസ്ഥയാണിപ്പോള്‍. മഞ്ഞ് മൂലം ട്രെയിന്‍ സര്‍വ്വീസ് പോലും നടത്താന്‍ കഴിയാതെ വന്നപ്പോള്‍ പുതിയ ആശയവുമായ് എത്തിയിരിക്കുകയാണ് ട്രെയിന്‍ സര്‍വ്വീസ് കമ്പനികള്‍. ട്രാക്കില്‍ തീയിട്ട് മഞ്ഞുരുക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്.

മഞ്ഞുറഞ്ഞതോടെ പാളത്തിലെ ഉരുക്ക് സങ്കോചിക്കുന്ന അവസ്ഥയുണ്ടായി. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ ബ്രേക്കിട്ടതുപോലെ നില്‍ക്കാന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ ട്രാക്കില്‍ തീയിടല്‍ ആരംഭിച്ചത്.

പാളങ്ങള്‍ വെല്‍ഡ് ചെയ്യാത്ത ഭാഗങ്ങളില്‍ റെയിലിനടിയിലൂടെ മണ്ണെണ്ണ നിറച്ച ചരട് വലിച്ച് അതിന് തീയിടുകയായിരുന്നു. തീപടിച്ച് ചൂടായതോടെ ചുരുങ്ങിയ ഭാഗങ്ങള്‍ വീണ്ടും വികസിച്ചു. ഇതിനു പിന്നാലെ ട്രാക്കുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ വീണ്ടും ബോള്‍ട്ടിട്ട് ഉറപ്പിച്ചു. ചിലയിടത്ത് വെല്‍ഡ് ചെയ്തും പാളങ്ങള്‍ ബന്ധിപ്പിച്ചു. പലയിടത്തും യാത്ര തുടരാന്‍ കുറച്ചധികം സമയമെടുത്തെങ്കിലും യാത്രക്കാരും മറ്റും പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Top