അമേരിക്കയില്‍ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നിരവധി പേര്‍ മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. പടിഞ്ഞാറന്‍ സംസ്ഥാനമായ കൊളറാഡോയിലെ ഒരു കടയില്‍ നടന്ന വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി എഫ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചു.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. സംസ്ഥാന തലസ്ഥാനമായ ഡെന്‍വറില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ഒരു പലചരക്ക് കടയിലാണ് വെടിവെപ്പ് ഉണ്ടായത്. കടയ്ക്കുള്ളില്‍ നിന്നും ഒന്നിലധികം വെടിവെപ്പുകള്‍ കേട്ടമായി സമീപവാസികള്‍ വ്യക്തമാക്കുന്നുണ്ട്. തോക്കുമായി എത്തിയ അക്രമി കടയിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയാളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെന്ന് കരുതുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒന്നിലധികം പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് കമാന്‍ഡര്‍ കെറി യമഗുച്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെടിവെപ്പിന് ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഒരാളെ പിടികൂടി കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നു. അര്‍ധനഗ്‌നായ മധ്യവയസുള്ളയാളുടെ ദൃശ്യങ്ങളാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

 

Top