അമേരിക്ക കണ്ണുരുട്ടി; മതനിന്ദക്കേസില്‍ ക്രിസ്ത്യന്‍ യുവതിയുടെ വധശിക്ഷ റദ്ദാക്കി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കണ്ണുരുട്ടിയതോടെ മതനിന്ദക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയായ അസിയ ബീബിയുടെ ശിക്ഷ പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് സാഖിബ് നിസാമാണ് വിധി പുറപ്പെടുവിച്ചത്. വധശിക്ഷ വിധിച്ച നടപടിക്കെതിരെ അസിയ ബീബി നല്‍കിയ ഹര്‍ജിയിലാണ് വിധി. മറ്റ് കേസുകള്‍ ഒന്നും ഇവരുടെ പേരില്‍ ഇല്ലെങ്കില്‍ എത്രയും വേഗം ജയില്‍ മോചിതയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊലക്കയര്‍ കാത്തുള്ള എട്ടു വര്‍ഷത്തെ തടവില്‍ നിന്നാണ് അസിയ ബീബിക്ക് മോചനമാകുന്നത്.

അടിച്ചമര്‍ത്തലും അനീതിയുമല്ല, സഹിഷ്ണുതയാണ് ഇസ്ലാമിന്റെ മുഖമുദ്രയെന്ന് വിധി ന്യായത്തില്‍ ചീഫ് ജസ്റ്റിസ് സാഖിബ് നിസാം വ്യക്തമാക്കി. അമേരിക്കയും യുറോപ്യന്‍ രാജ്യങ്ങളും വധ ശിക്ഷ ഒഴിവാക്കാന്‍ പാക്കിസ്ഥാനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഉപരോധമടക്കമുണ്ടാകുമെന്ന ഭീഷണിയും ഉയര്‍ത്തി. വധശിക്ഷക്കെതിരെ വത്തിക്കാനും രംഗത്തെത്തിയിരുന്നു.

പാക്ക് പഞ്ചാബ് പ്രവിശ്യയിലെ കൃഷിയിടത്തില്‍ ജോലിക്കിടെ ഒരു പാത്രം വെള്ളത്തിനായി മുസ്ലീം യുവതിയുമായി അസിയ ബീബി വഴക്കിട്ടു. ഈ വഴക്കിനിടെ മതനിന്ദാ പരമായ പരാമര്‍ശങ്ങള്‍ ആസിയ നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് 2009ല്‍ അഞ്ചുകുട്ടികളുടെ മാതാവായ ഇവരെ അറസ്റ്റ് ചെയ്തു. 2010ല്‍ അസിയ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ ശിക്ഷ നടപ്പിലാക്കുന്ന തീയതി വിചാരണക്കോടതി പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് ഇതിനെതിരെ അസിയ നല്‍കിയ ഹര്‍ജിയില്‍ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നേരത്തെ, അസിയാ ബീബിക്കു വധശിക്ഷ നല്‍കിയതോടെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ജനങ്ങളെ കുടുക്കുന്ന പാക്കിസ്ഥാനിലെ മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

അസിയാ ബീബി കുറ്റക്കാരിയെന്നു കോടതി വിധിച്ചശേഷം ഇവരുടെ മോചനത്തിനായി ശ്രമിച്ച പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ മതനിന്ദ നിയമത്തെ വിമര്‍ശിച്ചിരുന്നു. 2011ല്‍ സല്‍മാനെ അദ്ദേഹത്തിന്റെ പൊലീസ് ഗാര്‍ഡുതന്നെ വെടിവച്ച് കൊലപ്പെടുത്തി. 1980ല്‍ സിയാ ഉള്‍ഹക്കിന്റെ പട്ടാള ഭരണകൂടമാണ് പാക്കിസ്ഥാനില്‍ മതനിന്ദാ നിയമം നടപ്പിലാക്കിയത്.

Top