ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പായി അമേരിക്കയുടെ മിസൈല്‍ പ്രതിരോധ പരീക്ഷണം

Trump and kim

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്കയുടെ മിസൈല്‍ പ്രതിരോധ പരീക്ഷണം.

നേവിയും അമേരിക്കന്‍ മിസൈല്‍ ഏജന്‍സിയും സംയുക്തമായി ഹവായി ദ്വീപിലാണ് പരീക്ഷണം നടത്തിയത്.

കഴിഞ്ഞ ദിവസം യു.എസ് സൈനിക താവളമായ ഗുവാമിനെ ലക്ഷ്യമാക്കി ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണത്തിനുള്ള മറുപടിയാണ് അമേരിക്കയുടെ ഈ നടപടി.

‘സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍ -6’ ഉപയോഗിച്ച് നടത്തിയ പ്രതിരോധ പരീക്ഷണം വിജയകരമായിരുന്നെന്നും ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഇവയ്ക്ക് കഴിയുമെന്നും അമേരിക്കന്‍ മിസൈല്‍ ഏജന്‍സി വ്യക്തമാക്കി.

എന്നാല്‍ ജപ്പാന് മുകളിലൂടെ നടത്തിയ മിസൈല്‍ പരീക്ഷണം വെറും സാമ്പിള്‍ മാത്രമാണെന്നും അടുത്ത ദിവസങ്ങളില്‍ തങ്ങള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഉത്തര കൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാന് മുകളിലൂടെ 2700 കിലോമീറ്റര്‍ പറന്ന് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു.

എന്നാല്‍ ഇനി ഇത്തരം പ്രകോപനം ഉണ്ടായാല്‍ നേരിടാന്‍ സൈന്യം സജ്ജമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉത്തര കൊറിയയ്്ക്ക് മുന്നറിയിപ്പ് നല്‍കി.

ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണം പ്രദേശത്തെ മാത്രമല്ല മുഴുവന്‍ ലോക രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്ന് യു.എന്‍ രക്ഷാ സമിതി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഉത്തര കൊറിയന്‍ സഖ്യകക്ഷികളായ ചൈനയും റഷ്യയും പോലും ഇക്കാര്യത്തില്‍ എതിര്‍പ്പുമായെത്തി.

Top