അമേരിക്കയിലെ മിനസോട്ട നഗരത്തില്‍ പക്ഷിക്കൂട്ടങ്ങള്‍ തെരുവിലേക്ക്‌

മിനസോട്ട: അമേരിക്കയിലെ മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയില്‍ ആളുകളെ പരിഭ്രാന്തരാക്കി പൂസായ പക്ഷിക്കൂട്ടങ്ങള്‍ തെരുവിലേക്ക്. പഴങ്ങള്‍ കഴിച്ച് മത്തുപിടിച്ച പക്ഷികള്‍ നഗരത്തില്‍ ക്രമരഹിതമായി പറക്കുന്നതായും അവ വാഹനങ്ങളില്‍ ഇടിക്കാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി.

പക്ഷികള്‍ വാഹനങ്ങളിലും, വീടുകളുടെ ജനാല ചില്ലുകളിലും പറന്നുവന്ന് ഇടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ട പഴങ്ങള്‍ കഴിച്ചതാണ് പക്ഷികള്‍ക്ക് മത്തു പിടിക്കാന്‍ കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ശൈത്യകാലം നേരത്തേ വന്നതാണ് പഴങ്ങള്‍ നേരത്തേ പുളിക്കാനിടയാക്കിയത്. ഇതോടെ പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ കൈവരികയും കഴിച്ച പക്ഷികള്‍ക്ക് നിലതെറ്റുകയുമായിരുന്നു.

അതേസമയം സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഏറെ വൈകാതെ പക്ഷികള്‍ സമചിത്തത വീണ്ടെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Top