അമേരിക്കയുടെ കുടിയേറ്റ വിഷയങ്ങള്‍ കമലാ ഹാരിസ് കൈകാര്യം ചെയ്യും

വാഷിംഗ്ടൺ:അമേരിക്കയുടെ അതിർത്തിമേഖലകളിലെ അഭയാർത്ഥികളുടേയും കുടിയേറ്റങ്ങളുടേയും വിഷയങ്ങൾ ഇനി വൈസ്
പ്രസിഡന്റ് കൈകാര്യം ചെയ്യും. പ്രസിഡന്റ് ജോ ബൈഡനാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് വൈറ്റ്ഹൗസ് മൈഗ്രേഷൻ വിഭാഗം ചുമതല ഏൽപ്പിച്ചത്.

അമേരിക്കയ്ക്ക് മാത്രം പരിഹരിക്കാവുന്ന വിഷയമല്ല കുടിയേറ്റങ്ങളുടേതും അഭയാർത്ഥികളുടേതുമെന്ന് ബൈഡൻ വ്യക്തമാക്കി. മദ്ധ്യ അമേരിക്കൻ രാജ്യങ്ങളൊന്നായി എടുക്കേണ്ട തീരുമാനങ്ങൾ നിരവധിയാണ്. പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരുടെ ജീവിതം തലമുറകൾ തമ്മിലുള്ള അകൽച്ചയ്ക്ക് കാരണമായിരിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ തെറ്റായ നയങ്ങൾ ഇതിന് ഒരളവുവരെ കാരണമാണെന്നും ബൈഡൻ പറഞ്ഞു. യോഗത്തിൽ കമലാ ഹാരിസിനൊപ്പം മനുഷ്യാവകാശ വിഭാഗം സെക്രട്ടറി സേവ്യർ ബെക്കേറ, ഹോംലാന്റ് സെക്യൂരിറ്റി സെക്ട്രട്ടറി അലെജാൻഡ്ര മയോർക്കാസ് എന്നിവരും പങ്കെടുത്തു.

തന്റെ വൈസ് പ്രസിഡന്റ് കാലയളവിൽ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ ഇറാഖിലെ അമേരിക്കൻ സൈന്യത്തിന്റെ വിഷയവും ആഗോള സാമ്പത്തിക തകർച്ചാ വിഷയവും ഏൽപ്പിച്ചത് യോഗത്തിൽ വിശദീകരിച്ചു. തനിക്കൊപ്പമുള്ള ഭരണകർത്താക്കൾ ആഗോള തലത്തിലെ വിഷയങ്ങൾ സ്വയം ഏറ്റെടുത്ത് മികവ് തെളിയിക്കണമെന്നും ബൈഡൻ പറഞ്ഞു.

Top