ഇറാനെ പാഠം പഠിപ്പിക്കാനിറങ്ങിയവർ ഇപ്പോൾ സ്വയം പ്രതിരോധത്തിലായി. . .

ചെകുത്താനും കടലിനുമിടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ അമേരിക്ക. ഇറാനു നേരെ ഉപരോധം ഏര്‍പ്പെടുത്തി ആക്രമിക്കാനുള്ള നീക്കം ഇതുവരെ വിലപ്പോയിട്ടില്ല. ആക്രമിക്കാന്‍ തീരുമാനിച്ച് അവസാന നിമിഷമാണ് അമേരിക്ക ദൗത്യത്തില്‍ നിന്നും പിന്‍മാറിയത്.

ഉപരോധം മൂലം ഇറാന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ഇറാന്റെ മനോവീര്യം തകര്‍ക്കാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ ആധുനിക ഡ്രോണ്‍ വെടിവെച്ചിട്ടും ബ്രിട്ടന്റെ കപ്പല്‍ റാഞ്ചിയും അമേരിക്കന്‍ സഖ്യത്തെ വിറപ്പിച്ചിരിക്കുകയാണ് ഇറാന്‍. തങ്ങളുടെ കപ്പല്‍ വിട്ടു തന്നാല്‍ മാത്രം ബ്രിട്ടന്റെ കപ്പല്‍ വിട്ടുതരാമെന്നതാണ് ഇറാന്റെ നിലപാട്.

അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനുമായുള്ള എണ്ണ ഇടപാട് വെട്ടിക്കുറച്ച ഇന്ത്യ അത് പുന:സ്ഥാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടും അമേരിക്കയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യക്കായി പ്രത്യേക ഇളവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇറാന്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

പാക്കിസ്ഥാന് യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള അമേരിക്കന്‍ തീരുമാനവും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നും 40,000 കോടി മുടക്കി മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്- 400 ട്രയംഫ് ഇന്ത്യ വാങ്ങുന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. ഇതാണ് പാക്കിസ്ഥാനുമായുള്ള പുതിയ ഇടപാടിന് കാരണമെന്നാണ് സൂചന.

കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം തേടിയതായ ട്രംപിന്റെ പ്രസ്താവനയിലും ഇന്ത്യ രോഷത്തിലാണ്. വലിയ രാഷ്ട്രീയ വിവാദമാണ് ഈ പ്രസ്താവന ഇന്ത്യയിലുണ്ടാക്കിയിരിക്കുന്നത്.

ഇതോടെ ഇന്ത്യ- അമേരിക്ക ബന്ധം വഷളാകുമോ എന്ന ആശങ്കയിലാണ് ലോക രാഷ്ട്രങ്ങള്‍. ഇന്ത്യയെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക അമേരിക്കയ്ക്കു തന്നെയുണ്ട്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോടെ ഇപ്പോഴത്തെ അകല്‍ച്ച മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്രംപ് ഭരണകൂടം.

റഷ്യ ഇന്ത്യയോട് കൂടുതല്‍ അടുപ്പത്തിലാവുന്നതാണ് യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്നത്. ഇറാന് ശക്തമായ പിന്തുണ നല്‍കുന്നത് നിലവില്‍ റഷ്യയും ചൈനയുമാണ്. ഇതു തന്നെയാണ് ഒരു ആക്രമണത്തില്‍ നിന്നും അമേരിക്കയെ പിന്നോട്ടടിപ്പിക്കുന്നതും. പുറത്ത് പറയാത്ത മാരക ആയുധങ്ങള്‍ ഇറാന്റെ കൈവശമുണ്ടെന്നാണ് സി.ഐ.എയുടെ നിഗമനം.

അമേരിക്കയെ പ്രതിരോധത്തിലാക്കുന്നതിന് വേണ്ടി ഇപ്പോള്‍ ഉത്തര കൊറിയയും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതും അമേരിക്കയെ വെട്ടിലാക്കുന്ന സംഭവമാണ്. എല്ലാ ശത്രുക്കള്‍ക്കും പത്തിവച്ചത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് അമേരിക്കയെ അലട്ടുന്നത്.

എവിടെ ഒരാക്രമണം നടത്തിയാലും തിരിച്ചടി പ്രതീക്ഷിക്കുന്നതിലും അപ്പുറമാകുമെന്നത് അമേരിക്കയെ ഭയപ്പെടുത്തുന്ന കാര്യമാണ്. ലോക പൊലീസായി നടിക്കുന്ന രാജ്യത്തിന് ഒരു ചെറിയ തിരിച്ചടി നേരിട്ടാല്‍ പോലും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരിക. അത് നന്നായി അറിയുന്നത് കൊണ്ടാണ് ഭീഷണി, വാക്കുകളിലും ഉപരോധത്തിലും മാത്രമായി അമേരിക്ക ഒതുക്കുന്നത്.

അമേരിക്കയെ ചാരമാക്കാനുള്ള ആണവ മിസൈല്‍ കൈവശമുണ്ടെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. ട്രംപ് നേരിട്ട് വന്ന് ചര്‍ച്ച നടത്തിയിട്ടും കിം ജോങ് ഉന്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിലപാട്.

ഇറാന്‍ വിഷയത്തില്‍ പ്രകോപനം തുടരുന്ന അമേരിക്കയെ പ്രതിരോധത്തിലാക്കാന്‍ റഷ്യയും ചൈനയുമാണ് കിമ്മിനെ രംഗത്തിറക്കിയതെന്ന ആരോപണവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. രണ്ട് ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചിരിക്കുന്നത്. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്താണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയന്‍ സൈന്യവും അറിയിച്ചിട്ടുണ്ട്.

kim-jon-un

kim-jon-un

മിസൈലുകള്‍ ബുധനാഴ്ച പുലര്‍ച്ചെ വോണ്‍സാന്‍ പ്രദേശത്തുനിന്നാണ് വിക്ഷേപിച്ചത്. ജൂണ്‍ അവസാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും കൊറിയകള്‍ക്കിടയിലെ അതിര്‍ത്തിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ആദ്യമായാണ് ഈ പ്രകോപനം.

വാഷിംഗ്ടണുമായുള്ള സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനു സിയൂളിനുള്ള മുന്നറിയിപ്പാണ് മിസൈല്‍ പരീക്ഷണമെന്നാണ് ഉത്തരകൊറിയ പറയുന്നത്. അമേരിക്ക- ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം ഉപേക്ഷിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടതും അവരെ പ്രകോപിപിച്ച ഘടകമാണ്.

പ്രാദേശിക സമയം പുലര്‍ച്ചെ 5.06 നും 5.27 നും ആയിരുന്നു മിസൈല്‍ വിക്ഷേപണം നടന്നിരുന്നത്. 30 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ 250 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ജപ്പാന്‍ കടലിലാണ് പതിച്ചിരിക്കുന്നത്.

ട്രംപും കിം ജോംഗ് ഉന്നും കൂടിക്കാഴ്ച നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായാണ് ലോകം കരുതിയിരുന്നത്. ആണവനിരായുധീകരണത്തി നുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തീരുമാനവും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രകോപനത്തോടെ സമാധാന ശ്രമങ്ങളെല്ലാം തകര്‍ന്നിരിക്കുകയാണ്. മുന്‍പ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സമയത്തും ഉത്തരകൊറിയ ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ച് ഞെട്ടിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തില്‍ ഉത്തര കൊറിയയുടെ നീക്കങ്ങളെ സംശയത്തോടെയാണ് അമേരിക്ക നോക്കി കാണുന്നത്. ഈ പ്രകോപനത്തിന് പിന്നില്‍ ചൈനയും റഷ്യയുമാണെന്നാണ് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നത്. ഇറാനെതിരായ കടന്നാക്രമണത്തെ ചെറുക്കാന്‍ വളഞ്ഞ വഴി ഈ രാജ്യങ്ങള്‍ സ്വീകരിച്ചതായാണ് ആരോപണം.


കാര്യമെന്തായാലും ഇറാന്‍ – ഉത്തര കൊറിയ ഭീഷണികളെ ഒരേ സമയം നേരിടുക എന്നത് അമേരിക്കയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരിക്കും. അക്കാര്യം ഉറപ്പാണ്.

Political Reporter

Top