അമേരിക്കയുടെ ലോക പൊലീസിങ്ങിനെ പൊളിച്ചടുക്കി ഇറാൻ, നാണം കെട്ട് ട്രംപ് !

മേരിക്കയുടെ ഒരു പരിപ്പും ഇറാന്റെ മണ്ണില്‍ ഇനി വേവില്ല, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനു മുന്നില്‍ നാണംകെട്ട അമേരിക്ക ഇറാന് മുന്നിലും ഇപ്പോള്‍ നാണം കെട്ടിരിക്കുകയാണ്. ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ അപ്രമാധിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങളാണിത്. പ്രസിഡന്റ് എന്ന രൂപത്തില്‍ ഒരു വലിയ പരാജയമായാണ് ട്രംപ് ഇപ്പോള്‍ മാറി കൊണ്ടിരിക്കുന്നത്.

അമേരിക്കയുടെ ഒരു ഹൈടെക് ഡ്രോണ്‍ വെടിവച്ചിട്ട ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ച അമേരിക്ക അതില്‍ നിന്നും പിന്‍മാറിയത് പേടിച്ചിട്ടാണ്. ആള്‍നാശം ഒഴിവാക്കാനാണ് അവസാന നിമിഷം പിന്‍മാറിയതെന്ന ട്രംപിന്റെ വെളിപ്പെടുത്തലും കള്ളമായിരുന്നു. ഒരു ആക്രമണമുണ്ടായാല്‍ ആള്‍നാശം ഉണ്ടാകുമെന്ന കാര്യം ആര്‍ക്കാണ് അറിയാത്തത് ?

ഒബാമയുടെ കാലത്ത് അമേരിക്കയ്ക്ക് ലോകത്തിനു മുന്നില്‍ ഉണ്ടായിരുന്ന വില പോലും ട്രംപ് ഇല്ലാതാക്കി. പലപ്പോഴും ഒരു കോമാളിയുടെ റോളിലേക്കാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന- സൈനിക ശക്തിയുടെ പ്രസിഡന്റ് മാറിയത്. ഇറാഖിനെ ആക്രമിച്ചത് പോലെ എളുപ്പത്തില്‍ ഇറാനെ കീഴടക്കാന്‍ കഴിയില്ലെന്ന് ഇപ്പോഴാണ് ട്രംപിന് മനസ്സിലായത്. ഒരാക്രമണം ഇറാന് നേരെ നടത്തിയാല്‍ വലിയ പ്രത്യാക്രമണം തിരിച്ചുണ്ടാകുമെന്ന തിരിച്ചറിവാണ് മനംമാറ്റത്തിന് കാരണം.

റഷ്യയും ചൈനയും ഉള്‍പ്പെടെ മേഖലയിലെ വന്‍ ശക്തികള്‍ ഒറ്റക്കെട്ടായി ഇറാനെ ആക്രമിക്കുന്നതിന് എതിരാണ്. ഈ നിലപാടും അമേരിക്കന്‍ നിലപാടിനെ സ്വാധീനിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാനക്കേട് ഒഴിവാക്കാന്‍ ഇറാന്റെ മിസൈല്‍ നിയന്ത്രണ സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം നടത്തിയതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്. ഇറാന്റെ കംപ്യൂട്ടര്‍ ശൃംഖല തകരാറിലായതായാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അമേരിക്കന്‍ സൈബര്‍ വിഭാഗത്തിന് തകര്‍ക്കാന്‍ പറ്റുന്നതല്ല തങ്ങളുടെ ടെക്നോളജിയെന്നാണ് ഇറാന്റെ മറുപടി.

നേരത്തെ അമേരിക്കന്‍ പടകപ്പലുകള്‍ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ട് ഇറാന്‍ ഡ്രോണ്‍ എടുത്ത ചിത്രങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് തന്നെ നാണക്കേടായിരുന്നു. വന്‍ സുരക്ഷാ സംവിധാനങ്ങളോടെ മാത്രം സഞ്ചരിക്കുന്ന പടക്കപ്പലുകളിലെ യുദ്ധവിമാനങ്ങളുടെ നമ്പര്‍ സഹിതമാണ് ഇറാന്‍ ഡ്രോണ്‍ പകര്‍ത്തിയിരുന്നത്. ഫോട്ടോക്ക് പകരം ബോംബാണ് ഇട്ടിരുന്നതെങ്കില്‍ എന്താകും അവസ്ഥയെന്ന മുന്നറിയിപ്പായിരുന്നു ഇതിലൂടെ ഇറാന്‍ നല്‍കിയിരുന്നത്.

ധീരയുദ്ധങ്ങള്‍ ചെയ്ത് പരിചയിച്ച പേര്‍ഷ്യന്‍ പോരാളികളുടെ പിന്‍മുറക്കാരാണ് ഇറാന്‍ സൈനികര്‍. യുദ്ധം ഒരിക്കലും ആഗ്രഹിക്കുന്നില്ലെങ്കിലും അമേരിക്ക തുടങ്ങിയാല്‍ തങ്ങളും വിടില്ലെന്നതാണ് ഇറാന്റെ നിലപാട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അമേരിക്കയെ സഹായിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം ഉണ്ടായേക്കും. സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് അമേരിക്കന്‍ സൈനികര്‍ക്ക് താവളവും മറ്റു സൗകര്യങ്ങളും നല്‍കി വരുന്നത്.

ഇതിനിടെ സൗദി വിമാനതാവളത്തിന് നേരെ നടന്ന മിസൈല്‍ ആക്രമണം വലിയ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഇറാന്‍ പിന്തുണയോടെയാണ് ഈ ആക്രമണമെന്നാണ് സൗദിയുടെ ആരോപണം. സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നത്. ആക്രമണത്തില്‍ ഏഴോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി വ്യക്തമാക്കി.

ജൂണ്‍ 23 ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ വിമാനത്താവളത്തിന് നേരെ ആക്രമണം തുടങ്ങിയത്. സൗദി വംശജരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും അടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസവും ആശ്രയിക്കുന്ന വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും സൗദി ആരോപിച്ചു. അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പാളിച്ച വ്യക്തമാക്കുന്നതാണ് ഈ സംഭവം. അതിനാല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളെയാകെ ഈ ആക്രമണം ആശങ്കപ്പെടുത്തിയിട്ടുണ്ട്.

പശ്ചിമേഷ്യയെയും ലോകരാജ്യങ്ങളെയും ഒരുപോലെ ഭീതിയിലാഴ്ത്തി ഇറാന്‍- അമേരിക്ക സംഘര്‍ഷം വീണ്ടും രൂക്ഷമാകുകയാണ്. അമേരിക്കയാണ് യഥാര്‍ത്ഥ ഭീകരവാദിയെന്നും അമേരിക്കയെ തുടച്ച് നീക്കണമെന്നും ഇറാനിയന്‍ പാര്‍ലമെന്റില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

ലോകത്തിലെ ഭീകരര്‍ക്കെല്ലാം ആയുധം നല്‍കുന്നത് അമേരിക്കയാണെന്നും, ലോകത്താകമാനം ആക്രമണങ്ങള്‍ അവര്‍ സൃഷ്ടിച്ചുവെന്നും പാര്‍ലമെന്റിലെ ഡെപ്യൂട്ടി സ്പീക്കര്‍ മസൂദ് പെസെഷ്‌ക്കിയന്‍ പറഞ്ഞു. മാത്രമല്ല ഇത്രയെല്ലാം ചെയ്ത് കൂട്ടിയിട്ടും അമേരിക്ക പിന്നെയും തങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. അതേ സമയം ഇറാനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്ക വീണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Staff Reporter

Top