പ്രതിരോധ സഹകരണം; നാറ്റോ പദവി ഇന്ത്യയ്ക്കും നല്‍കി യുഎസ്, ബില്ലിന് സെനറ്റ് അനുമതി

വാഷിങ്ടണ്‍; ഇന്ത്യയ്ക്കും നാറ്റോ രാജ്യങ്ങള്‍ക്കു തുല്യമായ പദവി നല്‍കാന്‍ തീരുമാനം. പ്രതിരോധ സഹകരണത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്കു ലഭിക്കുന്ന പദവി ഇന്ത്യയ്ക്കും നല്‍കുന്നതിനുള്ള ബില്ലിന് യുഎസ് സെനറ്റ് അനുമതി നല്‍കി. സെനറ്റിലെ ഇന്ത്യ കോക്കസിലെ ജോണ്‍ കോര്‍ണിന്‍, മാര്‍ക് വാര്‍ണര്‍ എന്നിവര്‍ അവതരിപ്പിച്ച ഭേദഗതിയിലാണ് നാറ്റോ സഖ്യകക്ഷികള്‍ക്കും ഇസ്രയേലിനും ദക്ഷിണ കൊറിയയ്ക്കുമുള്ള പദവി ഇന്ത്യയ്ക്കും നല്‍കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. ഇതോടെ ഇന്ത്യയും യുഎസും തമ്മില്‍ മെച്ചപ്പെട്ട സഹകരണത്തിന് വഴിയൊരുങ്ങും എന്നാണ് വിലയിരുത്തല്‍.

ജനപ്രതിനിധി സഭയില്‍ ജോ വില്‍സന്‍, അമി ബേറ, ടെഡ് യോഹോ, ജോര്‍ജ് ഹോള്‍ഡിങ്, എഡ് കെയ്‌സ്, രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് യുഎസ് ഇന്ത്യ ബന്ധം മെച്ചമാക്കുന്നതിനുള്ള സമാന ബില്‍ മുമ്പ് അവതരിപ്പിച്ചിരുന്നു. ഇത് ഈ മാസം തന്നെ പരിഗണിച്ചേക്കുമെന്നാണ് സൂചന. 2 സഭകളും പാസാക്കുന്നതോടെ ബില്‍ നിയമമാകും. 2016ല്‍ ഇന്ത്യയെ ‘പ്രമുഖ പ്രതിരോധ പങ്കാളി’യായി യുഎസ് അംഗീകരിച്ചിരുന്നു. നവീന സാങ്കേതികവിദ്യ കൈമാറ്റം സുഗമമാക്കാന്‍ ഇതു സഹായിക്കുകയും ചെയ്തിരുന്നു.

Top