സോളാർവിൻഡ്സ് ഹാക്കിങ് ഭീതിയിൽ അമേരിക്ക

ന്യൂയോർക് : ലോകത്തെ ഏറ്റവും വലിയ സൈബർ ആക്രമണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സോളാര്‍വിന്‍ഡ്‌സ് ഹാക്കിങ് അമേരിക്കയുടെ പല സർക്കാർ സംവിധാനങ്ങളെയും സ്വകാര്യ കമ്പനികളെയും ബാധിച്ചു. ഇതിന്റെ ആഘാതം അളന്നു വരികയാണെന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രതികരണം. എന്നാല്‍, ആക്രമണകാരികള്‍ തങ്ങളുടെ സോഴ്‌സ് കോഡിലേക്ക് നുഴഞ്ഞുകയറി എന്ന ഗൗരവമുള്ള വെളിപ്പെടുത്തലാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്ന സമയം മുതലെ, മറ്റു കമ്പനികളെപ്പോലെ തങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ നേരിട്ടുവെന്നു വെളിപ്പെടുത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ പ്രശ്‌നം സംഭവിച്ചിരിക്കാമെന്ന സൂചന നല്‍കിയിരുന്നില്ല. അതേസമയം, സോഴ്‌സ്‌കോഡില്‍ ഹാക്കര്‍മാര്‍ കൈവച്ച കാര്യം കമ്പനിക്ക് കഴിഞ്ഞ ഏതാനും ദിവസമായി അറിയാമായിരുന്നു എന്നും പറയുന്നു. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ 24 മണിക്കൂറും പണിയെടുക്കുകയാണെന്നും, എന്തെങ്കിലും നടപടി സ്വീകരിക്കേണ്ട കാര്യത്തെക്കുറിച്ചറിഞ്ഞാല്‍ അത് പ്രസിദ്ധീകരിക്കുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.ലോകത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളുടെ ഗണത്തിലാണ് സോളാര്‍വിന്‍ഡ്‌സ് ആക്രമണത്തെ പെടുത്തിയിരിക്കുന്നത്.

അമേരിക്കയുടെ ആറ് ഫെഡറല്‍ ഏജന്‍സികള്‍ക്കു നേരെയെങ്കിലും ആക്രമണം ഉണ്ടായിരിക്കാമെന്നു പറയുന്നു. ആയിരക്കണക്കിന് കമ്പനികളെയും സ്ഥാപനങ്ങളെയും ഇതു ബാധിച്ചിരിക്കാം. അമേരിക്കയുടെ സർക്കാർ തലത്തിലും സ്വാകാര്യമേഖലയിലുമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ വര്‍ഷത്തെ വര്‍ഷാവസാന അവധി ദിനങ്ങള്‍ പോലും വേണ്ടെന്നുവച്ച് ഇതിന്റെ ആഘാതം പഠിച്ചുകൊണ്ടിരിക്കുകയാണ്.

Top