അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് ഇമ്രാന്‍ ഖാന്റെ തന്ത്രം; തീവ്രവാദ വിരുദ്ധ ഇമേജ്

മേരിക്കന്‍ സന്ദര്‍ശനത്തിന് മുന്‍പ് തീവ്രവാദ വിരുദ്ധ ഇമേജ് വര്‍ധിപ്പിക്കാന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് , തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ബോധവത്കരണം നടത്താനാണ് തീരുമാനം. നേരത്തെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ കാലത്തും ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും തീരുമാനം നടപ്പായിരുന്നില്ല.

ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ പ്രത്യേകിച്ച് അമേരിക്കയ്ക്ക് മുന്നില്‍ തീവ്രവാദ വിരുദ്ധ ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള ഇമ്രാന്‍ ഖാന്റെ നീക്കമാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഭാഗമായാണ് ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്തത് .എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പാക്ക് തന്ത്രമാണ് ഇതെന്നാണ് അമേരിക്ക പ്രതികരിച്ചത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഐക്യ രാഷ്ട്ര സംഘടന ഹാഫിസ് സയിദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചത്. ഇതിനു മുന്‍പും ഹാഫിസ് സയ്യിദിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അയാളുടെയോ, ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടേയോ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുമൂലം ഒരു മാന്ദ്യവും സംഭവിച്ചിട്ടില്ല എന്നും ഇപ്പോഴത്തെ അറസ്റ്റ് കണ്ണില്‍ പൊടിയിടല്‍ മാത്രമണെന്നുമാണ് അമേരിക്കയുടെ നിലപാട്.

2001നു ശേഷം ഏഴു തവണ സയീദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍, ഹഖാനി നെറ്റ് വര്‍ക്ക് തുടങ്ങിയ ഭീകര സംഘടനകള്‍ പാക്കിസ്ഥാനില്‍ സജീവമാണ്. അതുകൊണ്ട് ഭീകരവാദത്തിനെതിരായ പാക് നടപടികള്‍ സംശയത്തിന്റെ നിഴലിലാണെന്നും അമേരിക്ക തുറന്നടിച്ചു.

ഈ ഗ്രൂപ്പുകളും പാക് മിലിറ്ററിയും തമ്മിലുള്ള ബന്ധങ്ങളില്‍ തങ്ങള്‍ക്ക് ഒട്ടേറെ സംശയങ്ങളുണ്ട്. അതുകൊണ്ട് ഹാഫിസ് സായിദിന്റെ അറസ്റ്റിനെ അമേരിക്ക അത്ര കാര്യമായി എടുക്കുത്തിട്ടില്ല.

ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങിയ ഭീകര പ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രകനാണ് ഹാഫിസ് സയിദ്.

ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ജെയ്‌ഷെ ഇ മൂഹമ്മദ് ഏറ്റെടുത്തിരുന്നു. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിനെതിരെ ശക്തമായാണ് അമേരിക്ക രംഗത്ത വന്നത്.

ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഭീകരവാദവിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യക്ക് ഒപ്പമാണെന്നുമാണ് അമേരിക്ക പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്ക പിന്തുണ നല്‍കിയതും ലോക രാഷ്രങ്ങള്‍ ഇത് അംഗീകരിച്ച് ഇന്ത്യക്കൊപ്പം നില്‍ക്കുകയും ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് നേരത്തേ പാകിസ്ഥാന് പല തവണ അമേരിക്ക താക്കീത് നല്‍കിയിരുന്നെങ്കിലും ഇതൊന്നും കേട്ടില്ലെന്ന മട്ടിലായിരുന്നു പാക്കിസ്ഥാന്‍.

എന്നാല്‍ പാക്കിസ്ഥാനുള്ള സൈനിക സഹായങ്ങള്‍ വെട്ടിക്കുറച്ചും പാക് പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി കുറച്ചും അമേരിക്ക പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് പാക് പൗരന്‍മാരുടെ വിസ കാലാവധി വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്ഥാന് വന്‍ തിരിച്ചടിയായിരുന്നു ഈ നീക്കം.

നിരന്തരമായ അമേരിക്കയുടെ പാക് വിരുദ്ധ നിലപാടുകള്‍ അന്താരഷ്ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി. ഡൊണാള്‍ഡ് ട്രപുമായി കൂടിക്കാഴ്ച്ചക്ക് തയ്യാറെടുത്ത ഇമ്രാന്‍ ഖാന്റെ മുന്നില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്തതിനാലാണ് ഇപ്പോള്‍ ഫിസ് സയ്യിദിന്റെ നാടകീയമായ അറസ്റ്റ് നടന്നതും രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നതും.

ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ അനുസരിച്ച് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാകിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ കൂടിക്കാഴ്ച്ചയില്‍ ട്രംപ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരവാദികള്‍ക്ക് സുരക്ഷിതതാവളമൊരുക്കാന്‍ സൗകര്യം ചെയ്യുന്ന പാകിസ്താന്റെ നടപടി ലോകസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന നിലപാടാണ് അമേരിക്കക്കുള്ളത്.

അതേസമയം, പ്രധാനമന്ത്രിയായ ശേഷം ഇമ്രാന്‍ ഖാന്‍ ആദ്യമായി യു.എസിലെത്തിയത് പാക്കിസ്ഥാന്‍ മുഴുവന്‍ ആഘോഷിക്കുമ്പോഴും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കാര്യങ്ങള്‍ അതത്ര സുഖകരമല്ല.

വിമാനത്താവളത്തിലെത്തിയ ഇമ്രാനെ സ്വീകരിക്കാന്‍ യു.എസിന്റെ ഒരു ഔദ്യോഗിക പ്രതിനിധി പോലും എത്താത്തത് അമേരിക്കയുടെ നിലപാടാണ് വ്യക്തമാക്കുന്നത്.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തിലെത്തുമ്പോള്‍ പാലിക്കേണ്ട സ്റ്റേറ്റ് പ്രോട്ടോക്കോള്‍ യു.എസ് പാലിക്കാത്തതിനു പിന്നിലെ കാരണം വ്യക്തമല്ല.

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ ഖാന്‍ പ്രധാനമായും ഉഭയ കക്ഷി ബന്ധം മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് നടത്തുന്ന ചര്‍ച്ചകള്‍ ഇനി എന്താകുമെന്ന് മാത്രമാണ് കണ്ടറിയേണ്ടത്.

Top