അമേരിക്കന്‍ ടെക്ക് ഭീമന്മാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ യൂറോപ്യന്‍ യൂണിയന്‍

യുഎസ് ടെക്നോളജി ഭീമന്മാര്‍ക്കെതിരെ പുതിയ നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ നിലവിലത്തെ സ്വാതന്ത്രം പിടിച്ചു കെട്ടാന്‍ പുതിയ നിയമം കൊണ്ടു വരാനാണ് പദ്ധതി. ഡിജിറ്റല്‍ സര്‍വീസസ് ആക്ട്, ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട് എന്നീ രണ്ടു പുതിയ നിയമങ്ങളാണ് യൂറോപ്യന്‍ കമ്മിഷന്‍ മുന്നോട്ടു വയ്ക്കുന്നത്. ഡിജിറ്റല്‍ സര്‍വീസസ് ആക്ട് പ്രകാരം മൈക്രോസോഫ്റ്റിനെയും ഗൂഗിളിനെയും പോലെയുള്ള കമ്പനികള്‍ ശരിയല്ലാത്ത ഉള്ളടക്കം നീക്കം ചെയ്യണമെന്ന് പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ അവരുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം പിഴയായി നല്‍കേണ്ടി വരും.

ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്ട് ആകട്ടെ ഇത്തരം കമ്പനികളെ തളയ്ക്കാനാണ്. ഉദാഹരണത്തിന് ആന്‍ഡ്രോയിഡില്‍ എപ്പോഴും ഗൂഗിള്‍ ക്രോം ബ്രൗസര്‍ വച്ചാണ് ഇറക്കുക. ഇതു വേണ്ടാത്തവര്‍ക്ക് ക്രോം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനുമാകില്ല. സ്വന്തം പ്രൊഡക്ടുകള്‍ പ്രമോട്ടു ചെയ്യുന്നവര്‍ക്ക് ഇനി ബില്ല്യന്‍ കണക്കിനു ഡോളര്‍ പിഴയിടാനും ഇയുവിന് ഉദ്ദേശമുണ്ട്. വലിയ ടെക്നോളജി കമ്പനികള്‍ കൈവശപ്പെടുത്തിവച്ചിരിക്കുന്ന ശക്തി നിയന്ത്രിക്കണമെന്നാണ് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലിയെന്‍, വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുമ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സിലിക്കന്‍ വാലി ഭീമന്മാരുടെ അല്‍ഗോറിതങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യത്തില്‍ സുതാര്യത കൊണ്ടുവരണം. ജനാധിപത്യത്തിലടക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കാവുന്ന പല കാര്യങ്ങളിലും കംപ്യൂട്ടര്‍ പ്രോഗ്രാമുകളല്ല തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുകളില്‍ പോലും സമൂഹ മാധ്യമങ്ങളും മറ്റും നടത്തുന്നത് വലിയ ഇടപെടലുകളാണ്. അതി പ്രാധാന്യമുളള കാര്യങ്ങളില്‍ പോലും സ്വകാര്യ കമ്പനികളാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്. അപകടകരമായ ഇടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കെല്‍ അടക്കം പല യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും മുന്നറിയിപ്പു നല്‍കി.

അതേസമയം, ഓണ്‍ലൈന്‍ കണ്ടെന്റ് നിയന്ത്രിക്കാനും, ചില കമ്പനികള്‍ക്ക് വിപണിയിലുള്ള സ്വാധീനം കുറയ്ക്കാനുമുള്ള പരിശ്രമത്തിലാണ് യൂറോപ്യന്‍ യൂണിയനെന്നും തങ്ങളുടെ ഈ നീക്കത്തോട് സഹകരിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ടെക്നോളജി കമ്പനികളോട് ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റ് മേധാവി സത്യാ നദെലാ, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ എന്നവരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് മാക്രോണ്‍ ഇക്കാര്യം അറിയിച്ചത്. കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏതു പക്ഷപാതപരമായ പ്രവൃത്തിയും യൂറോപ്യന്‍ യൂണിയന്റെ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ആദ്ദേഹം മുന്നറയിപ്പു നല്‍കി. ഒണ്‍ലൈനിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന രാജ്യങ്ങളിലൊന്നായാണ് ഫ്രാന്‍സ് അറിയപ്പെടുന്നത്. ചില ടെക്നോളജി ഭീമന്മാര്‍ ഇപ്പോള്‍ ആസ്വദിക്കുന്ന പരിധിയില്ലാത്ത സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടണമെന്നും ഫ്രാന്‍സിന് അഭിപ്രായമുണ്ട്.

 

Top