ആ ഡ്രോണ്‍ ആക്രമണം തെറ്റെന്ന് ഒടുവില്‍ അമേരിക്കയുടെ കുറ്റസമ്മതം !

ഫ്ഗാനിസ്ഥാനില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ട ആഗസ്റ്റ് 29ലെ ഡ്രോണ്‍ ആക്രമണം ഗുരുതര തെറ്റെന്ന് അമേരിക്ക. മുമ്പ് കാബൂള്‍ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഐസിസ് ഖൊറൈസനെ ലാക്കാക്കിയ ദൗത്യം വിജയകരമായിരുന്നുവെന്ന് ആഴ്ചകളായി പെന്റഗണ്‍ ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ വെള്ളിയാഴ്ച, ഒരു ആഭ്യന്തര അവലോകനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങള്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും സാധാരണക്കാര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.

‘ആ ആക്രമണത്തില്‍ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 10 സാധാരണക്കാര്‍ ദാരുണമായി കൊല്ലപ്പെട്ടുവെന്ന് എനിക്ക് ഇപ്പോള്‍ ബോധ്യമായി,’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മറീന്‍ ജനറല്‍ ഫ്രാങ്ക് മക്കെന്‍സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘മാത്രമല്ല, വാഹനവും മരിച്ചവരും ഐസിസ്-കെ യുമായി ബന്ധപ്പെട്ടവരോ അമേരിക്കന്‍ സേനയ്ക്ക് നേരിട്ടുള്ള ഭീഷണിയൊ ആയിരുന്നില്ല”.മക്കെന്‍സി കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിലെ ഒഴിപ്പിക്കലിനിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 150ലേറെ പേര് വിമാനത്താവളത്തിന്റെ ഗേറ്റിനരികെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം. അവരുടെ 13 സൈനികരും കൊല്ലപ്പെട്ടു. എന്നാല്‍ വീട്ടിലേക്ക് വെള്ളവുമായി പോയ സന്നദ്ധപ്രവര്‍ത്തകനായ ഡ്രൈവറാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്ന ചിത്രം വന്നതോടെ അമേരിക്ക പ്രതിരോധത്തിലായിരുന്നു.

 

Top