ഇന്ത്യയുടേതടക്കം നെറ്റ്‌വര്‍ക്കുകള്‍ ഹാക്ക് ചെയ്തു; അഞ്ച് ചൈനീസ് പൗരന്മാര്‍ക്കെതിരെ കേസെടുത്ത് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയുടേതടക്കം നെറ്റ് വര്‍ക്കുകള്‍ ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്മാര്‍ക്കെതിരെ അമേരിക്ക കേസെടുത്തു. ഇന്ത്യന്‍ സര്‍ക്കാരിന്റെ നെറ്റ്വര്‍ക്കുകള്‍ അടക്കം അമേരിക്കയിലെയും വിദേശത്തെയും നൂറിലധികം കമ്പനികളെയും സ്ഥാപനങ്ങളെയും ഹാക്ക് ചെയ്തതിനും സോഫ്റ്റ്വെയര്‍ ഡേറ്റയും ബിസിനസ് ഇന്റലിജന്‍സും മോഷ്ടിച്ചതിനുമാണ് അമേരിക്ക കേസെടുത്തിരിക്കുന്നത്. കുറ്റാരോപിതരായ ചൈനീസ് പൗരന്മാര്‍ അമേരിക്ക വിട്ടെന്നാണ് വിവരം.അതേസമയം, ഇവരെ സഹായിച്ച രണ്ട് മലേഷ്യന്‍ പൗരന്മാരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റുകളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും ഡേറ്റ ബേസ് സര്‍വറുകളും 2019ല്‍ ഇവര്‍ ഹാക്ക് ചെയ്തിരുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ തുറന്ന വി.പി.എന്‍ നെറ്റ്വര്‍ക്കിലേക്ക് കണക്ട് ചെയ്യാന്‍ ഹാക്കര്‍മാര്‍ വി.പി.എസ് പ്രൊവൈഡര്‍ സെര്‍വറുകള്‍ ഉപയോഗിച്ചെന്നും സര്‍ക്കാര്‍ പരിരക്ഷിത കംപ്യൂട്ടറുകളില്‍ കോബാള്‍ട്ട് സ്‌ട്രൈക്ക് മാല്‍വെയര്‍ സ്ഥാപിച്ചെന്നും ഡെപ്യൂട്ടി യു.എസ് അറ്റോര്‍ണി ജനറല്‍ ജഫ്രി റോസന്‍ പറഞ്ഞു.

വിയറ്റ്‌നാമിലെയും ബ്രിട്ടനിലെയും സര്‍ക്കാര്‍ നെറ്റ്വര്‍ക്കുകളെ ഹാക്ക് ചെയ്യാനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ബ്രിട്ടനിലെ നെറ്റ്വര്‍ക്കുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഓസ്‌ട്രേലിയ, ബ്രസീല്‍, ചിലി, ഹോങ്കോംഗ്, ജപ്പാന്‍, മലേഷ്യ, പാകിസ്ഥാന്‍, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്വാന്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെ നെറ്റ് വര്‍ക്കുകളും ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായും നിയമവിഭാഗം പറയുന്നു. തങ്ങളുടെ പൗരന്മാരെ കമ്പ്യൂട്ടര്‍ ഹാക്കര്‍മാരാക്കി ലോകം മുഴുവന്‍ കടത്തിവിടാനുള്ള ശ്രമത്തിലാണ് ചൈനയെന്നും വിവരങ്ങള്‍ ചോര്‍ത്തി പണം സമ്പാദിക്കുകയാണ് ലക്ഷ്യമെന്നും യു.എസ് പ്രതിനിധി പറയുന്നു.

Top