അമേരിക്കയിലെ വംശീയ വെറിക്ക് അന്ത്യം കുറിയ്ക്കാന്‍ ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ വംശീയ വിവേചനം അവസാനിപ്പിക്കാന്‍ ലക്ഷ്യം വെയ്ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതി. വംശീയവെറിയും വിവേചനങ്ങളും അവസാനിപ്പിക്കും എന്ന വാഗ്ദാനത്തെ നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെച്ചു.

പരിപാടികള്‍ പ്രഖ്യാപിക്കുമ്പോള്‍, കഴിഞ്ഞ മെയില്‍ മിനിയാപൊളിസില്‍ വര്‍ഗ്ഗവെറിക്ക് ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയിഡിനെ ബൈഡന്‍ പരാമര്‍ശിച്ചിരുന്നു. ഈ കൊലപാതകം, നീതിയുടെ കഴുത്തില്‍ കാല്‍മുട്ട് വെച്ചതിന് തുല്യമാണെന്നാണ് ബൈഡന്‍ പറഞ്ഞത്. ‘രാജ്യം നേരിടുന്ന വംശീയ വെറി വളരെ ആഴത്തിലുള്ളതാണ്. വ്യവസ്ഥാപിതമായി മാറിക്കഴിഞ്ഞിരിക്കുന്നു അത്. ഇതിനെതിരെ പൊരുതേണ്ടതിന്റെ ആവശ്യകതയെ എന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയ്നില്‍ വെച്ച് ഞാന്‍ വ്യക്തമാക്കിയിരുന്നു.’ ബൈഡന്‍ വ്യക്തമാക്കി.

വംശീയവെറി മാത്രമല്ല, അമേരിക്ക നേരിടുന്ന സമസ്ത മേഖലകളിലെയും വിവേചനങ്ങള്‍ക്ക് അവസാനം കുറിക്കുക കൂടിയാണ് ബൈഡന്റെ ലക്ഷ്യം. അമേരിക്കയുടെ രൂപീകരണത്തിന്റെ അടിസ്ഥാന തത്വം തന്നെ എല്ലാവരും തുല്യരാണ് എന്നതാണെന്നും, എന്നാല്‍ അതിലേക്ക് എത്താന്‍ അമേരിക്കന്‍ ജനതക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസില്‍ പുതിയ നിയമനിര്‍മാണങ്ങള്‍ പരിഗണിക്കവെ ജോ ബൈഡന്‍ പറഞ്ഞു.

രാജ്യം മുന്നോട്ടുവെക്കുന്ന ഈ മൂല്യത്തെ വളരെ ഇടുങ്ങിയതും ചുരുങ്ങിയതുമായാണ് അമേരിക്കന്‍ ജനത ഇത്രയും നാള്‍ കൊണ്ടുനടന്നത്. കറുത്തവര്‍ഗക്കാര്‍ മാത്രമല്ല, ഏഷ്യന്‍ അമേരിക്കക്കാരും പസിഫിക്കുകാരും ഒക്കെ അനര്‍ഹരെ പോലെയാണ് അമേരിക്കയില്‍ ജീവിക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ഇതിനെതിരെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു

 

Top