എസ് ജയശങ്കറുടെ പാക് സംബന്ധ പരാമർശത്തെ പ്രതിരോധിച്ച് അമേരിക്ക

വാഷിം​ഗ്ടൺ: പാകിസ്ഥാനെ സഹായിക്കുന്നു എന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പരമാർശത്തെ പ്രതിരോധിച്ച് അമേരിക്ക രം​ഗത്ത്. എഫ് 16 ഫൈറ്റർ ജെറ്റുകൾ സംബന്ധിച്ച പരാമർശത്തിലാണ് മറുപടി. ഇന്ത്യാ-പാക് ബന്ധം നോക്കി പാകിസ്ഥാനോടുള്ള സമീപനം മാറ്റാനാവില്ലെന്നാണ് അമേരിക്ക മറുപടി നൽകിയത്.

“പാകിസ്ഥാനോടുള്ള ഞങ്ങളു‌ടെ ബന്ധത്തെക്കുറിച്ച് പുനരവലോകനം നടത്തേണ്ട കാര്യമില്ല. പാകിസ്ഥാനുമായുള്ള ബന്ധമോ ഇന്ത്യയുമായുള്ള ബന്ധമോ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയല്ല ഞങ്ങൾ വിലയിരുത്തുന്നത്. വിവിധ വിഷയങ്ങളിലുള്ള ഊന്നലാണ് ഇരുരാജ്യങ്ങളുമായും ഞങ്ങൾക്കുള്ളത്”. അമേരിക്കൻ വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോ‌ട് പറഞ്ഞു. ഇരു രാജ്യങ്ങളുമായും തങ്ങൾ സഖ്യത്തിലാണ്. പല കാര്യങ്ങളിലും ഒരേ മൂല്യങ്ങൾ പങ്കുവെക്കുന്നതു കൊണ്ടാണ് അത്. ഒരേ പോലെയുള്ള താല്പര്യങ്ങൾ പല കാര്യത്തിലുമുണ്ടാവും. ഇന്ത്യയുമാ‌യുള്ള ബന്ധം ഇന്ത്യയുമായുള്ളതാണ്, പാകിസ്ഥാനുമായുള്ള ബന്ധം പാകിസ്ഥാനുമായുള്ളതാണ്. അക്കാര്യത്തിൽ വീണ്ടുവിചാരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നത് തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണെന്ന് പറഞ്ഞ് ആരെയും വിഡ്ഢികളാക്കരുതെന്നായിരുന്നു എസ് ജയശങ്കറിന്റെ പരാമർശം. ഇത് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്ന് പ്രതിഫലിപ്പിക്കുന്നതാണെന്നും ജയശങ്കർ അഭിപ്രായപ്പെട്ടിരുന്നു. പറയുന്നത് എഫ്-16 വിമാനങ്ങളെക്കുറിച്ചാണ്, അത് എങ്ങോട്ടാണ് വിന്യസിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. ഞാനത് തീവ്രവാദവിരുദ്ധതയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന് പറയരുത്. അങ്ങനെ പറഞ്ഞ് ആരെയും വിഡ്ഢികളാക്കരുത് ജയശങ്കർ പറഞ്ഞു.

എഫ് 16 വിമാനങ്ങൾക്കും മറ്റുമായി അമേരിക്ക കഴിഞ്ഞയിടെ 450 മില്യൺ ഡോളർ പാകിസ്ഥാന് നൽകിയിരുന്നു. 2018നു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരത്തിലുള്ള ആദ്യ ഇടപാടാണിത്. പാകിസ്ഥാൻ തീവ്രവാദത്തിനെതിരായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞാണ് 2018ൽ ഡൊണാൾഡ് ട്രംപ് സർക്കാർ പാകിസ്ഥാനുള്ള സഹായം നിർത്തിയത്.

Top