ഉത്തര കൊറിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍

സോള്‍: ഏത് നിമിഷവും ആക്രമിക്കുമെന്ന മുന്നറിയിപ്പോടെ ഉത്തര കൊറിയയുടെ അതിര്‍ത്തിയില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക.

അമേരിക്കന്‍ വ്യോമസേനയുടെ ബി-1ബി പോര്‍വിമാനങ്ങളാണു ഉത്തര കൊറിയക്കുമേല്‍ പറന്നത്. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു അമേരിക്കയുടെ സൈനിക പ്രകടനം.

അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ആദ്യമായാണു ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു സൈനിക പരിശീലനം നടത്തുന്നത്.

ദക്ഷിണ കൊറിയയുടെ എഫ്-15കെ ഫൈറ്ററുകള്‍ പരിശീലനപ്പറക്കലില്‍ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

ദക്ഷിണ കൊറിയയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച അമേരിക്കന്‍ പോര്‍വിമാനങ്ങള്‍, കിഴക്കന്‍ തീരത്ത് എയര്‍ ടു ഗ്രൗണ്ട് മിസൈലുകള്‍ തൊടുത്ത് പരിശീലനവും നടത്തി. ജപ്പാനും ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇത്തരത്തിലുള്ള ആദ്യ സൈനിക പരിശീലനമാണു നടന്നതെന്നു അമേരിക്കന്‍ സേന പുറത്തിറക്കിയ പ്രസ്താനവനയില്‍ ചൂണ്ടിക്കാട്ടി.

22407774_442702402792004_1051089964_n
അമേരിക്കയുടെ ഗുവാം ദ്വീപിലെ ആന്‍ഡേഴ്‌സണ്‍ വ്യോമസേനാ താവളത്തില്‍ നിന്നാണു ബോംബര്‍ വിമാനങ്ങള്‍ ദൗത്യത്തിനായി പറന്നുയര്‍ന്നത്. ഓഗസ്റ്റില്‍ ഗുവാമിനെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുമെന്ന ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് അമേരിക്കയുടെ സൈനിക നടപടി.

അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിടുന്ന ആണവ പോര്‍മുനയുള്ള മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു അമേരിക്കന്‍ ബോംബറുകള്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിക്കുമേലെ പറന്നത്.

പ്രകോപനങ്ങള്‍ തുടരുന്ന ഉത്തര കൊറിയയ്‌ക്കെതിരെ സൈനിക നടപടിയെടുത്തേക്കുമെന്നു കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പരോക്ഷ സൂചന നല്‍കിയിരുന്നു.

ഭരണകൂടവും പ്രസിഡന്റുമാരും 25 വര്‍ഷമായി ഉത്തരകൊറിയയോട് ചര്‍ച്ച നടത്തുന്നു. പലതവണ കരാറുകള്‍ ഒപ്പുവച്ചു. ധാരാളം പണം നല്‍കി. അതൊന്നും നടപ്പായിട്ടില്ല. കരാറുകള്‍ മഷിയുണങ്ങുന്നതിനു മുന്‍പ് ലംഘിക്കപ്പെട്ടു. അമേരിക്കയുടെ മധ്യസ്ഥന്മാരെ വിഡ്ഢികളാക്കുകയായിരുന്നു അവര്‍. മാപ്പ്, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക ഇങ്ങനെയാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ വാക്കുകള്‍ സൈനിക നടപടിയുടെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്.

സെപ്തംബര്‍ അവസാനവാരവും ഉത്തരകൊറിയക്കുമേല്‍ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ പറന്നിരുന്നു.

Top