ഇസ്രയേലിനോട് താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അമേരിക്ക

ജറുസലേം: ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ബന്ദികളുടെ മോചനത്തിനായി സമാധാന ശ്രമവുമായി അമേരിക്ക. ഇസ്രയേലിനോട് താത്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനത്തിന് മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുളള ഫോണ്‍ സംഭാഷണത്തിനിടെയാണ് ബൈഡന്‍ ആവശ്യമുന്നയിച്ചത്.

ഗാസയിലെ ഇസ്രയേല്‍ അധിനിവേശം അംഗീകരിക്കില്ല. ഖത്തറിന്റെ മധ്യസ്ഥതയിലായിരിക്കണം ചര്‍ച്ചകള്‍. ഗാസയിലേക്ക് സഹായമെത്തിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. 15 ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.

ഹമാസുമായുള്ള യുദ്ധം അവസാനിച്ചശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

Top