അമേരിക്കയുടെ പിന്നിൽ നിന്നുള്ള ‘കുത്തിന് ‘ അതേ രൂപത്തിൽ തന്നെ തിരിച്ചടിക്കാൻ റഷ്യയും !

യുക്രെയിനെ മുന്‍ നിര്‍ത്തി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തുന്ന ആക്രമണത്തെ അതേ രൂപത്തില്‍ തന്നെ തിരിച്ചടിക്കാന്‍ റഷ്യയും തയ്യാറാകുന്നു. റഷ്യയുമായും ചൈനയുമായും ഏറെ അടുപ്പം പുലര്‍ത്തുന്ന ഉത്തര കൊറിയ അമേരിക്കന്‍ സഖ്യകക്ഷിയായ ജപ്പാന് മുകളിലൂടെ മിസൈല്‍ തൊടുത്ത് വിട്ടത് വ്യക്തമായ ഒരു മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് ഉത്തര കൊറിയ തൊടുത്തിരിക്കുന്നത്. ലോക രാജ്യങ്ങളെ നടുക്കിയാണ് ഒക്ടോബര്‍ നാലിന് ഈ മിസൈല്‍ കടലില്‍ പതിച്ചിരിക്കുന്നത്.

ആണവായുധം കൈവശമുള്ള ഉത്തര കൊറിയയെ സാക്ഷാല്‍ അമേരിക്കക്ക് പോലും ഭയമാണ്. അമേരിക്കയില്‍ വരെ ചെന്നെത്താന്‍ ശേഷിയുള്ള ആണവ മിസൈലുകള്‍ ഉത്തര കൊറിയക്കുണ്ട്. ഈ ഭയം ഉള്ളതു കൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെ ട്രംപ് തന്നെ നേരിട്ട് ഉത്തര കൊറിയന്‍ പ്രസിണ്ടന്റ് കിം ജോങ്ങ് ഉന്നുമായി ചര്‍ച്ച നടത്തിയിരുന്നത്. ഉത്തര കൊറിയയുടെ അയല്‍ രാജ്യങ്ങളായ ദക്ഷിണ കൊറിയയും ജപ്പാനും ആശ്വാസത്തോടെ കണ്ട ഈ സമവായ നീക്കമെല്ലാം ഏതു നിമിഷവും തകരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും നടത്തിയ സംയുക്ത സൈനിക അഭ്യാസമാണ് ഉത്തര കൊറിയയെ പ്രകോപിപ്പിച്ചതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും അതല്ല യാഥാര്‍ത്ഥ്യമെന്നതാണ് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ സംശയിക്കുന്നത്. ഒരു റഷ്യന്‍ ഇടപെടല്‍ തന്നെയാണ് അമേരിക്ക സംശയിക്കുന്നത്.ഉത്തര കൊറിയയില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന്‍ സമയം പുലര്‍ച്ചെ 7:30ഓടെയാണ് 4,000 കിലോമീറ്ററോളം സഞ്ചരിച്ച് ജപ്പാന് സമീപം പസഫിക് സമുദ്രത്തില്‍ പതിച്ചിരിക്കുന്നത്. 2017 നു ശേഷം ഇതാദ്യമായാണ് ഒരു ഉത്തര കൊറിയന്‍ മിസൈല്‍ ഇത്രയും ദൂരം സഞ്ചരിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ നിരോധനത്തെ വെല്ലുവിളിച്ച് നടത്തിയ കടന്നാക്രമണമാണിത്. പ്രകോപനം തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തം. ഇതിനു മറുപടിയായി ദക്ഷിണ കൊറിയയും അമേരിക്കയും കിഴക്കന്‍ കടലിലേക്ക് നാല് ഭൂതല മിസൈലുകള്‍ തൊടുത്ത് വിട്ടിട്ടുണ്ടെങ്കിലും, ഇതൊന്നും ഉത്തര കൊറിയക്ക് ഏശിയിട്ടില്ല.

റഷ്യ ഇപ്പോള്‍ പിടിച്ചെടുത്ത തെക്കന്‍ മേഖലയിലെ ചില പ്രദേശങ്ങള്‍ യുക്രെയിന്‍ പിടിച്ചെടുത്തതായ റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയന്‍ മിസൈല്‍ ജപ്പാന് മുകളിലൂടെ പറന്നിരിക്കുന്നത്. അമേരിക്കന്‍ മിസൈല്‍ പ്രതിരോധങ്ങളെ തകര്‍ത്താണ് അത് ലക്ഷ്യം കണ്ടത്.

യുക്രെയിന് വേണ്ടി ആയുധങ്ങളും പണവും മാത്രമല്ല തന്ത്രങ്ങളും ഒരുക്കി റഷ്യക്കെതിരെ പോരാടുന്നത് യഥാര്‍ത്ഥത്തില്‍ അമേരിക്കയും സഖ്യ കക്ഷികളുമാണ്. യുക്രെയിന്‍ സേനയെ മുന്‍ നിര്‍ത്തിയുള്ള ഈ ‘കളിക്ക് ‘ ഉത്തര കൊറിയയെ മുന്‍ നിര്‍ത്തി റഷ്യ ആഞ്ഞടിച്ചാല്‍ അത് ജപ്പാനും ദക്ഷിണ കൊറിയക്കും മാത്രമല്ല അമേരിക്കയ്ക്കും വലിയ ഭീഷണിയാകും. റഷ്യയെ പോലെ കൂടുതല്‍ ചിന്തിച്ച് പരമാവധി ആള്‍ നാശം ഒഴിവാക്കുന്ന കരുണയൊന്നും ഉത്തര കൊറിയയില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ആ രാജ്യം എപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നത് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യവുമല്ല. ഇപ്പോഴത്തെ സംഭവം അമേരിക്കന്‍ ചേരിയെ ശരിക്കും പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. ഉത്തര കൊറിയയെ ആക്രമിച്ച് കീഴടക്കാനുള്ള ശേഷി അമേരിക്കക്ക് ഉണ്ടെങ്കിലും അത്തരമൊരു നീക്കം അമേരിക്കയെ തന്നെ ഇല്ലാതാക്കുന്നതിലാകും കലാശിക്കുക. പ്രത്യേകിച്ച് ഉത്തര കൊറിയന്‍ മിസൈലുകളെ തടയുന്നതില്‍ നിരന്തരം അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഭയപ്പെടുക തന്നെ വേണം.

മാത്രമല്ല കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയക്ക് എതിരായ ഏത് നീക്കത്തെയും ചെറുക്കാന്‍ ചൈനയും റഷ്യയും രംഗത്തു വരാനുള്ള സാഹചര്യവും കൂടുതലാണ്. നിലവില്‍ ലോകത്ത് ഏറ്റവും ശക്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉള്ള രാജ്യം റഷ്യയാണ്. അവരുടെ എസ് 400 ട്രയംഫിന് ആണവ മിസൈലുകള്‍ ഉള്‍പ്പെടെ തടയാനുള്ള ശേഷിയുണ്ട്. യുക്രെയിനുമായി ഇത്രയും നീണ്ട സംഘര്‍ഷം ഉണ്ടായിട്ടും ഒരു മിസൈല്‍ പോലും റഷ്യയില്‍ പതിക്കാതിരിക്കുന്നതും അതു കൊണ്ടാണ്. റഷ്യ ശരിക്കും വിചാരിച്ചാല്‍ എപ്പോഴേ തീര്‍ക്കാന്‍ കഴിയുന്ന സംഘര്‍ഷമാണ് ഇപ്പോഴും തുടരുന്നത്. യുക്രെയിനില്‍ നടത്തുന്നത് പ്രത്യേക സൈനിക ഇടപെടല്‍ മാത്രമാണെന്നും യുദ്ധമല്ലന്നും പറയുന്ന റഷ്യ ഇതുവരെ യുദ്ധ പ്രഖ്യാപനം നടത്തിയിട്ടില്ലന്നതും ശ്രദ്ധേയമാണ്. അത്തരമൊരു പ്രഖ്യാപനം നടത്തുന്നതോടെ യുക്രെയിനുമായുള്ള സംഘര്‍ഷവും അവസാനിക്കും. റഷ്യയുടെ കൈവശമുള്ള മാരകമായ ബോംബുകളില്‍ ഒന്ന് വീണാല്‍ പോലും യുക്രെയിന്‍ എന്ന രാജ്യം തന്നെ ഉണ്ടാകുകയില്ല. യൂറോപ്പിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. യുക്രെയിനില്‍ റഷ്യ ഇതുവരെ പ്രയോഗിച്ചത് പ്രഹര ശേഷി കുറഞ്ഞ ആയുധമാണെന്നത് അമേരിക്ക പോലും തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യമാണ്.

ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിച്ചത് അമേരിക്കയാണ്. റഷ്യ അത് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഏറ്റവും അവസാനം അണുബോംബ് ഉപയോഗിച്ച രാജ്യമായാണ് മാറുക. ഉത്തര കൊറിയക്കു മുന്നില്‍ വിറക്കുന്ന അമേരിക്കക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധമുള്ള റഷ്യ വിശ്വരൂപം കാട്ടിയാല്‍ പിന്നെ പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല. നഷ്ടപ്പെടാന്‍ ഏറെയുള്ള അമേരിക്ക ഒറ്റയടിക്ക് മാളത്തില്‍ ഒളിക്കുന്ന സാഹചര്യമാണ് അതോടെ ഉണ്ടാകുക. റഷ്യക്കും ഉത്തര കൊറിയക്കും ആണവായുധം പ്രയോഗിക്കാന്‍ ഉത്തരവ് നല്‍കാന്‍ ആ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ക്ക് മിന്നല്‍ വേഗത്തില്‍ കഴിയും. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിന് പല തട്ടില്‍ ആലോചന നടത്തി അനുമതി വാങ്ങേണ്ടതുണ്ട്. മറ്റൊരു രാജ്യത്തിനു വേണ്ടി സ്വന്തം രാജ്യത്തെ അപകടത്തിലാക്കുന്ന തീരുമാനം എടുക്കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കാന്‍ സാധ്യത വളരെ കുറവാണ്. അമേരിക്ക എന്ത് സാഹസത്തിന് തയ്യാറായാലും അത് ലോകത്തിന്റെ നാശത്തിലാണ് കലാശിക്കുക. അതു കൊണ്ടു തന്നെ റഷ്യ കടുപ്പിച്ചാല്‍ ആദ്യം പിന്‍മാറാന്‍ പോകുന്നതും അമേരിക്കന്‍ സഖ്യകക്ഷികള്‍ തന്നെയാകും. നയതന്ത്ര വിദഗ്ദര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

യുക്രെയിനില്‍ നിന്നും പിടിച്ചെടുത്ത പ്രദേശങ്ങളില്‍ അമേരിക്കന്‍ പിന്തുണയോടെ യുക്രെയിന്‍ സേന നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലങ്കില്‍ എന്തും സംഭവിക്കാം എന്നതാണ് നിലവിലെ അവസ്ഥ. ആണവ ഭീഷണിയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിലും നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. റഷ്യന്‍ ആക്രമണം ഭയക്കുന്ന യുക്രെയിന്‍ പ്രസിഡന്റ് പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യയുടെ സഹായമാണ് ഏറ്റവും ഒടുവിലായി തേടിയിരിക്കുന്നത്. റഷ്യയുടെ അടുത്ത സുഹൃത്തെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാകും എന്ന് മറ്റു ലോക രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ വലിയ പരിമിതിയാണുള്ളത്. അമേരിക്കന്‍ ചേരിയുടെ സൈനിക വിഭാഗമായ നാറ്റോയില്‍ ചേരാന്നുള്ള യുക്രെയിന്‍ നീക്കമാണ് റഷ്യയെ ആക്രമണത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷയാണ് റഷ്യ മുന്നോട്ട് വയ്ക്കുന്ന പ്രധാന കാരണം. അതായത് പാക്ക് അധീന കശ്മീരില്‍ ഇന്ത്യക്കെതിരെ ശത്രു രാജ്യങ്ങള്‍ സൈനിക താവളങ്ങള്‍ തുറക്കുന്നതിന് സമാനമായ ഭീഷണിയാണിത്. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇന്ത്യയും പ്രശ്‌നത്തില്‍ ആഴത്തില്‍ ഇടപെടാതിരിക്കുന്നത്

ഇന്ത്യാ – പാക്ക് യുദ്ധത്തില്‍ റഷ്യന്‍ സേന അതായത് അന്നത്തെ സോവിയറ്റ് യൂണിയന്‍ നല്‍കിയ സഹായവും ഇന്ത്യക്ക് മറക്കാന്‍ കഴിയുകയില്ല. അന്ന് പാക്കിസ്ഥാനെ സഹായിക്കാന്‍ എത്തിയ അമേരിക്കന്‍- ബ്രിട്ടീഷ് നാവിക സേനകളെ തുരത്തിയത് സോവിയറ്റ് യൂണിയന്റെ പട്ടാളമാണ്. അന്നത് സംഭവിച്ചില്ലായിരുന്നു എങ്കില്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറുമായിരുന്നു. ലോകത്തിന് ഇന്നും ഏറ്റവും വിശ്വസിക്കാന്‍ പറ്റുന്ന രാജ്യമാണ് റഷ്യ അമേരിക്കയെ പോലെ അവര്‍ കൂടെ നിന്ന് ചതിക്കുകയില്ല. ലോക പൊലീസും ചമയില്ല. ഏറ്റവും കൂടുതല്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്തതും രാജ്യങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ചരിത്രവും അമേരിക്കക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ സോവിയറ്റ് യൂണിയന്റെയും റഷ്യയുടെയും ചരിത്രം അതല്ല. ലോകത്തെ വിറപ്പിച്ച ഹിറ്റ്‌ലറെ വീഴ്ത്തിയ രാജ്യമാണത്. അതു തന്നെയാണ് ആ രാജ്യത്തിന്റെ ആത്മവിശ്വാസവും


EXPRESS VIEW

Top