രാജ്യങ്ങളെ തമ്മിലടിപ്പിക്കുന്ന അമേരിക്ക, ഇന്ത്യ – ചൈന യുദ്ധവും ആഗ്രഹിക്കുന്നു

രാജ്യങ്ങളെ തമ്മിലടിപ്പിക്കുന്ന അമേരിക്ക, ഇന്ത്യ – ചൈന യുദ്ധവും ആഗ്രഹിക്കുന്നുരവസരം ലഭിച്ചാൽ എവിടെയും കയറി ഇടപെട്ടു കളയുന്ന രാജ്യമാണ് അമേരിക്ക. ഇങ്ങനെ അമേരിക്ക ഇടപെട്ട രാജ്യങ്ങളിൽ പലതിന്റെയും നിലവിലെ അവസ്ഥ എന്താണെന്നതും ലോകം കണ്ടതാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും സർവ്വതം ഉപേക്ഷിച്ച് പലായനം ചെയ്ത ഇതേ അമേരിക്ക തന്നെയാണ് യഥാർത്ഥത്തിൽ യുക്രെയിൻ യുദ്ധത്തിന്റെയും പ്രധാന ഉത്തരവാദികൾ. അമേരിക്കൻ പക്ഷപാദിയായ യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയെ മുൻ നിർത്തിയാണ് റഷ്യക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും പട നയിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ യുദ്ധം യുക്രെയിനും – റഷ്യയും തമ്മിലാണെന്നാണ് തോന്നുക എങ്കിലും സംഭവിക്കുന്നത് അതല്ല. അവിടെ നടക്കുന്നത് റഷ്യയും നാറ്റോ സഖ്യകക്ഷികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്.

യുക്രെയിന് സർവ്വ ആയുധങ്ങളും നൽകുന്നത് അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയാണ്. ഏറ്റുമുട്ടൽ അവസാനിക്കുമ്പോൾ ഏത് രൂപത്തിലായിരിക്കും യുക്രെയിൻ എന്നത് നമുക്ക് കണ്ടു തന്നെ അറിയേണ്ടിവരും. ശവപ്പറമ്പുകൾ പോലെയാണ് യുക്രെയിന്റെ ഇപ്പോഴത്തെ അവസ്ഥ. റഷ്യ വിചാരിച്ചാൽ ഒറ്റ ദിവസം കൊണ്ടു തീരുന്ന യുദ്ധമാണിത്. എന്നാൽ ആണവായുധം ഉൾപ്പെടെ അത്തരം ഒരു കൈവിട്ട കളിക്കും ആ രാജ്യം ഇതുവരെ പോയിട്ടില്ല. ഇപ്പോഴും യുക്രെയിനുമായി നടക്കുന്നത് ഒരു യുദ്ധമാണെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സൈനിക നടപടി എന്നു മാത്രമാണ് പുടിൻ പറഞ്ഞിരിക്കുന്നത്.

റഷ്യയോട് ചേർന്നു കിടക്കുന്ന യുക്രെയിൻ നാറ്റോ സഖ്യത്തിൽ ചേരാൻ ശ്രമിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്ത് ആ രാജ്യത്തിന്റെ പ്രധാന ഭാഗമായിരുന്നു യുക്രെയിൻ. സോവിയറ്റ് യൂണിയനെ നേരിടാൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ അമേരിക്കൻ ചേരി ഉണ്ടാക്കിയ ‘നാറ്റോ’ സഖ്യത്തെ സോവിയറ്റ് യൂണിയൻ ഇല്ലാതായിട്ടു പോലും പിരിച്ചു വിടാൻ അമേരിക്ക തയ്യാറായിരുന്നില്ല. അവർ അതിനെ റഷ്യക്കെതിരെ നിലനിർത്തുകയും സോവിയറ്റ് യൂണിയനിൽ നിന്നും വിട്ടു പോയ ചെറു രാജ്യങ്ങളെ നാറ്റോയിൽ ചേർക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുക്രെയിൻ.

ഏതൊരു രാജ്യത്തിനും ആ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. പാക്കിസ്ഥാനുമായി നമ്മുടെ അയൽ രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ കൂട്ടുകൂടിയാൽ ഉള്ള അവസ്ഥക്ക് സമാനമാണിത്. ശ്രീലങ്കയിൽ ചൈനക്ക് തുറമുഖം അനുവദിച്ചത് എത്രമാത്രം ഇന്ത്യയ്ക്ക് ഭീഷണിയാണെന്നതും നാം ഓർക്കണം. ഇത്തരം വെല്ലുവിളികളെ നേരിടേണ്ട സമയത്തു തന്നെ നേരിടേണ്ടതുണ്ട്. അങ്ങനെ വിലയിരുത്തുമ്പോൾ റഷ്യയെ പൂർണ്ണമായും കുറ്റം പറയാൻ ആർക്കും സാധിക്കുകയില്ല.

റഷ്യ എന്ന രാജ്യം ശക്തമായി നിലനിന്നില്ലങ്കിൽ അമേരിക്ക എന്തൊക്കെയാണ് കാണിച്ചു കൂട്ടുമായിരുന്നത് എന്നതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധ ശേഖരമുള്ള റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള ധൈര്യമൊന്നും അന്നും ഇന്നും അമേരിക്കക്കില്ല. യുക്രെയിനെ മുൻനിർത്തി ഇപ്പോൾ ചെയ്യുന്നതു പോലെ പിന്നിൽ നിന്നും ‘കളിക്കാൻ’ മാത്രമേ അവർക്ക് സാധിക്കൂ. അതിനും റഷ്യ വിശ്വരൂപം കാണിക്കുന്നത് വരെ മാത്രമേ ആയുസ് ഉണ്ടാകുകയൊള്ളൂ. അമേരിക്ക – റഷ്യ യുദ്ധമെന്ന് പറഞ്ഞാൽ അത് ലോകാവസാനമായിരിക്കും. ഈ ബോധം ഇരുവിഭാഗത്തിനും ഉള്ളതു കൊണ്ടാണ് അത് സംഭവിക്കാതിരിക്കുന്നത്. എന്നാൽ അത്തരമൊരു ഭീഷണി ഇപ്പോഴും ഒഴിവായി പോയി എന്നു കരുതാനും വയ്യ. ഇക്കാര്യത്തിൽ അമേരിക്കയാണ് കൂടുതൽ ഉത്തരവാദിത്വം കാണിക്കേണ്ടത്. മറ്റു രാജ്യങ്ങളിൽ കയറി ഇടപെടുന്നത് നിർത്തുക എന്നതാണ് ആ രാജ്യം ആദ്യം ചെയ്യേണ്ടത്.

ഇപ്പോൾ ഇന്ത്യ- ചൈന അതിർത്തിയിലെ സംഘർഷമാണ് അമേരിക്ക നിരീക്ഷിക്കുന്നത്. വിഷയത്തിൽ ഇടപെടാൻ ഒരവസരമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അതായത് ഈ മേഖലയിലെ സമാധാനവും തകർക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ഇന്ത്യയെ അമേരിക്കൻ ചേരിയിലേക്ക് ഒപ്പം കൂട്ടുക എന്നത് വളരെ കാലമായുള്ള അമേരിക്കയുടെ ആഗ്രഹമാണ്. ആ ആഗ്രഹം സഫലമാകണമെങ്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം അനിവാര്യമാണെന്നാണ് അമേരിക്കൻ ചാര സംഘടനയും കരുതുന്നത്. ഇന്ത്യയുമായും ചൈനയുമായും ഏറെ അടുപ്പമുള്ള റഷ്യയെ വെട്ടിലാക്കുക എന്നതും അമേരിക്കയുടെ ആഗ്രഹമാണ്. വല്ലാത്തൊരു ആഗ്രഹം തന്നെയാണിത്.

ചൈനയുമായി ഏതു തരം സംഘർഷം ഉണ്ടായാലും അതിനെ നേരിടാനുള്ള കരുത്ത് ഇന്ന് ഇന്ത്യയ്ക്കുണ്ട്. അതിന് അമേരിക്കയുടെ സഹായം ആവശ്യമില്ല. ഇപ്പോഴും പാക്കിസ്ഥാന് ആധുനിക യുദ്ധവിമാനങ്ങൾ നൽകുന്ന രാജ്യമാണ് അമേരിക്ക. അതും നാം ഓർക്കണം. ലോകത്തെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് ചൈനക്ക് നൽകിയ റഷ്യ ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ ചൈനക്ക് നൽകിയതിനേക്കാൾ പ്രഹരശേഷിയും പ്രതിരോധ ശേഷിയും വർദ്ധിപ്പിച്ചാണ് ഈ ആയുധം ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്. എസ് 400 ട്രയംഫിന്റെ ആദ്യ ബാച്ച് ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ബാക്കി അധികം താമസിയാതെ തന്നെ എത്തുമെന്നാണ് റഷ്യയും വ്യക്തമാക്കിയിരിക്കുന്നത്.

അതിർത്തിയിൽ ഇപ്പോൾ സംഭവിച്ചത് ചൈനീസ് ഭരണകൂടം അറിഞ്ഞുള്ള സംഘർഷമായി ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ചില സൈനിക ഉദ്യോഗസ്ഥർ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് ചൈനീസ് സൈന്യം തന്നെയാണ് ഇപ്പോൾ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. ഇന്ത്യയെ ആക്രമിച്ച് ഏതെങ്കിലും പ്രദേശം കീഴ്പ്പെടുത്താൻ പുതിയ കാലത്ത് ഒരിക്കലും ചൈനക്ക് സാധിക്കുകയില്ല. അതിന് അമേരിക്കയുടെ ഒരു സഹായവും ആവശ്യവുമില്ല. അമേരിക്കയെ അകറ്റി നിർത്തുന്ന പ്രതിരോധമാണ് ഇന്ത്യ സ്വീകരിക്കേണ്ടത്. കാലു കുത്താൻ ഇടം കൊടുത്താൽ അമേരിക്കയാണ് ആദ്യം കാലുവാരുക. ഇതു തന്നെയാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

EXPRESS KERALA VIEW

Top