ഗാസയില്‍ സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്ന് ഇസ്രയേലിനോട് വീണ്ടും ആവശ്യപ്പെട്ട് അമേരിക്ക

ഗാസയില്‍ സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്ന് ഇസ്രയേലിനോട് വീണ്ടും ആവശ്യപ്പെട്ട് അമേരിക്ക. ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്നും സിവിലിയന്മാരുടെ ജീവന്‍ രക്ഷിക്കുന്ന തരത്തിലേക്ക് ഇസ്രയേലിന്റെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ബൈഡന്റെ പ്രസ്താവന.

ഹമാസിനെ കേന്ദ്രീകരിച്ച് കൃത്യതയോടെയുള്ള ആക്രമണങ്ങളിലേക്ക് ഇസ്രയേല്‍ മാറണമെന്നാണ് നെതന്യാഹുവുമായുള്ള ചര്‍ച്ചയില്‍ സുള്ളിവന്‍ ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സമീപഭാവിയില്‍ അങ്ങനെയൊരു മാറ്റമുണ്ടാകാനുള്ള കാര്യങ്ങളാണ് ചര്‍ച്ചയാണ് നടത്തിയത്. എന്നാല്‍ അതിനൊരു സമയപരിധി നിശ്ചയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള ആത്യന്തിക ഉത്തരവാദിത്തം ഹമാസിനാണെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.ഗാസയിലെ മരണസംഖ്യയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധിയും സംബന്ധിച്ച് ബൈഡനും നെതന്യാഹുവും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന ഭിന്നതയുടെ റിപ്പോര്‍ട്ടിനിടെയാണ് സുള്ളിവന്റെ ഇസ്രായേല്‍ സന്ദര്‍ശനം. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥരുമായുള്ള സുള്ളിവന്റെ കൂടിക്കാഴ്ച്ച വെള്ളിയാഴ്ചയും തുടരുമെന്നാണ് വിവരം.

ഗാസയില്‍ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതോടെ ഇസ്രയേലിനും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, ആക്രമണത്തിന്റെ തോത് കുറയ്ക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ”സിവിലിയന്‍ ജീവന്‍ എങ്ങനെ രക്ഷിക്കാം എന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഹമാസിനെ തകര്‍ക്കാനുള്ള നടപടികള്‍ നിര്‍ത്തരുത്, പക്ഷേ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം” – ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടി പിന്‍വലിക്കണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.

 

Top