യോഗി ആദിത്യനാഥിനെതിരെയുള്ള കേസ് പിന്‍വലിക്കുന്നതിന് യുപിയില്‍ നിയമഭേദഗതി

yogi

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി നേതാക്കള്‍ക്കും എതിരായ കേസ് പിന്‍വലിക്കുന്നതിന് നിയമഭേദഗതിക്ക് തയ്യറെടുക്കുകയാണ് നിയമസഭ.

ആദിത്യാനാഥിനെ കൂടാതെ കേന്ദ്രമന്ത്രി ശിവപ്രതാപ് ശുക്ല, ബിജെപി എംഎല്‍എ ശീതള്‍ പാണ്ഡെ എന്നിവരും മറ്റു പത്തു പേര്‍ക്കും എതിരെ 1995ല്‍ ചുമത്തിയ കേസില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനാണ് നിയമ ഭേദഗതി വരുത്തുന്നത്.

ഉത്തര്‍പ്രദേശ് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ബില്‍ ഡിസംബര്‍ 21ന് നിയമസഭയില്‍ വച്ചു.

ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മറികടന്ന് യോഗം ചേര്‍ന്നതിനെതിരെ പിപ്പിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ 1995 മെയ് 27നാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പിന്നീടുള്ള കോടതി നടപടികളോട് സഹകരിക്കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് കോടതി ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിരിക്കുന്ന കേസുകളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് ഒഴിവാക്കുകയാണ് നിയമ ഭേദഗതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ ഇരുപതിനായിരത്തോളം കേസുകള്‍ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോടതിയുടെ മുമ്പാകെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഖൊരക്പുര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

വസ്തുതകള്‍ പരിശോധിച്ചതിനു ശേഷം കേസ് പിന്‍വലിക്കുന്നതായി കാണിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Top