ആഫ്രിക്കന്‍ പര്യടനവുമായി ബന്ധപ്പെട്ട് കോത്തെ ഡി ഐവറിയില്‍ അമീറിന് വന്‍ സ്വീകരണം

ദോഹ: ആഫ്രിക്കന്‍ പര്യടനവുമായി ബന്ധപ്പെട്ട് കോത്തെ ഡി ഐവറിയിലെ അബിദ്ജാനിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് വന്‍ സ്വീകരണം. അബിദ്ജാനിലെ അമീറിന്റെ ആദ്യസന്ദര്‍ശനമായിരുന്നു ഇത്.

അബിദ്ജാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെയും സംഘത്തെയും പ്രസിഡന്റ് അലാസ്സനേ ഖ്വാട്ടാറ, പ്രധാനമന്ത്രി അംബാദോ ഗോണ്‍ കൗളിബലി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കോത്തെ ഡി ഐവറിയിലെ ഖത്തര്‍ സ്ഥാനപതിയുടെ ചുമതലവഹിക്കുന്ന ഷംസാന്‍ അബ്ദുല്ല അല്‍ സദ, ഗോത്രനേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് പരമ്പരാഗതശൈലിയിലാണ് സ്വീകരിച്ചത്.

ഗിനിയന്‍ പര്യടനത്തിനു ശേഷമാണ് അമീര്‍ അബിദ്ജാനിലെത്തിയത്.

പ്രസിഡന്‍ഷ്യല്‍ പാലസില്‍ പ്രസിഡന്റ് അലാസ്സനെ ഖ്വാട്ടാറയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടുള്ള അമീറിന്റെ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ചടങ്ങില്‍ രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ‘നാഷണല്‍ മെഡല്‍ ഓഫ് മെറിറ്റ് ‘പുരസ്‌കാരം പ്രസിഡന്റ് അമീറിന് സമ്മാനിച്ചു. തുടര്‍ന്ന് ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുകയെന്ന മുഴുവന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടേയും നിലപാട് തന്നെയാണ് തങ്ങളുടേതെന്നും പ്രസിഡന്റ് അമീറിനെ അറിയിച്ചു.

സ്വീകരണത്തിനും ആതിഥേയത്വത്തിനും അമീര്‍ നന്ദിയും പ്രകടിപ്പിച്ചു.

Top