നാലുദിവസത്തെ സന്ദര്‍ശനത്തിന് അമീര്‍ ചൈനയിലേക്ക്; വ്യാപാര ബന്ധത്തിന് തുടക്കമിടും

കുവൈറ്റ്: നാലുദിവസത്തെ സന്ദര്‍ശനത്തിന് കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് നാളെ ചൈനയിലേക്ക്. അമീറിന്റെ സന്ദര്‍ശനം കുവൈറ്റ്- ചൈന സഹകരണത്തില്‍ പുതിയ ഉണര്‍വിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപത്തില്‍ അമീറിന്റെ സന്ദര്‍ശനം നിര്‍ണായക വഴിത്തിരിവാകും. അമീറിന്റെ കാര്‍മികത്വത്തില്‍ നടപ്പാക്കുന്ന ‘വിഷന്‍ 2035’ എന്ന വികസന പദ്ധതികളില്‍ ചൈനയുടെ സഹകരണം സുപ്രധാനമാണ്.

കുവൈറ്റിലെ ദ്വീപ് വികസനത്തിനും റോഡ് വികസനത്തിനും ചൈനയുടെ സഹകരണം തേടിയിട്ടുണ്ട്. കുവെറ്റിലെ ബുബ്‌യാന്‍ ദ്വീപ്, സില്‍ക്ക് സിറ്റി എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട് കുവൈറ്റ് അധികൃതര്‍ നേരത്തേ ചൈനയിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പാദന മേഖലകളിലും കുവൈത്ത് ചൈനയുടെ സഹകരണം തേടുന്നു. ബദല്‍ ഊര്‍ജം, പവര്‍ പ്ലാന്റുകളുടെ നിര്‍മാണം തുടങ്ങിയവയിലാണ് സാങ്കേതിക പിന്തുണ തേടുന്നത്.

കഴിഞ്ഞ വര്‍ഷം കുവൈറ്റും ചൈനയും തമ്മില്‍ 2.4 ശതകോടി ദീനാറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാറില്‍ ഒപ്പുവെച്ചിരുന്നു. 2016ല്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ 9.5 ബില്യന്‍ ഡോളറിന്റെ വാണിജ്യ കൈമാറ്റം നടന്നത് 2017ല്‍ 12.04 ബില്യന്‍ ഡോളറായി വര്‍ധിച്ചു.

1971ല്‍ കുവൈറ്റാണ് ചെനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ അറബ് രാജ്യം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള ചര്‍ച്ചയാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ടയുള്ളത്. സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന് ചൈനീസ് അംബാസഡര്‍ വാങ് ഡി പറഞ്ഞു. ചൈന അറബ് കോഓപറേഷന്‍ ഫോറം സമ്മേളനത്തിലും അമീര്‍ സംബന്ധിക്കും. അറബ് രാജ്യങ്ങളും ചൈനയും തമ്മില്‍ സംവദിക്കാന്‍ 2004ല്‍ രൂപം നല്‍കിയതാണ് ഫോറം.

2009ലാണ് കുവൈറ്റ് അമീര്‍ മുമ്പ് ചൈന സന്ദര്‍ശിച്ചത്. ചൈനയില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മാണവും വിദ്യാഭ്യാസം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, കായികം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട് അന്ന് ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടിരുന്നു.

Top