എഎംഡിയുടെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ബെംഗളുരുവില്‍; 3333 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍

ബെംഗളുരു: എഎംഡിയുടെ ലോകത്തിലെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ബെംഗളുരുവില്‍ ആരംഭിച്ചു. ചൊവ്വാഴ്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എഎംഡിയുടെ ടെക്നോസ്റ്റാര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് കാമ്പസ് ഉദ്ഘാടനം ചെയ്തു. എഎംഡി സിടിഒ മാര്‍ക്ക് പേപ്പര്‍മാസ്റ്ററും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഇവിടുത്തെ തൊഴിലാളികളില്‍ 25 ശതമാനം ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ സെമികണ്ടക്ടര്‍ പ്രോഗ്രാം അര്‍ദ്ധചാലകങ്ങള്‍ക്കായുള്ള ഡിസൈന്‍ ടാലന്റ് ഇക്കോസിസ്റ്റത്തിന് പിന്തുണ നല്‍കുന്നതിന് ശക്തമായ ഊന്നല്‍ നല്‍കുന്നു. എഎംഡി തങ്ങളുടെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ബെംഗളൂരുവില്‍ സ്ഥാപിക്കുന്നത് ആഗോള കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ച് വര്‍ഷത്തിലേറെ കാലത്തേക്ക് ഇന്ത്യയില്‍ 40 കോടി ഡോളറിന്റെ (3333 കോടി രൂപ) നിക്ഷേപ പദ്ധതികളാണ് ഈ വര്‍ഷത്തെ സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സില്‍ വെച്ച് എഎംഡി പ്രഖ്യാപിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണ് ബെംഗളൂരുവില്‍ തുടക്കമിട്ട ഗവേഷണ കേന്ദ്രം. അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കാമ്പസില്‍ 3000 എഞ്ചിനീയര്‍മാര്‍ക്ക് ജോലി ചെയ്യാനാവും. പേഴ്സണല്‍ കംപ്യൂട്ടറുകള്‍ക്ക് വേണ്ടിയുള്ള സിപിയു, ജിപിയു, അഡാപ്റ്റീവ് എസ്ഒസി, എഫ്പിജിഎ തുടങ്ങിയവ ഇവിടെ വികസിപ്പിക്കും.

Top