പദവി ദുരുപയോഗം ചെയ്യുന്ന ഗവർണ്ണർ, അംബേദ്കര്‍ അതിനും നൽകിയിട്ടുണ്ട് മറുപടി

രാജ്യത്തെ മറ്റൊരു ഗവര്‍ണ്ണര്‍ക്കും ഇല്ലാത്ത ചില പ്രത്യേകതകള്‍ പ്രകടമാക്കുന്ന ഗവര്‍ണ്ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് എന്തും ചെയ്യാം ആരെയും വിമര്‍ശിക്കാം. എന്നാല്‍ തന്നെ വിമര്‍ശിച്ചാല്‍ നടപടി എടുത്തു കളയും എന്നതാണ് ഈ കേരള ഗവര്‍ണ്ണറുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്‍പ്പെടെ ശക്തമായ മുന്നറിയിപ്പുമായാണ് അദ്ദേഹം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ മടിക്കില്ലെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അസാധാരണമായ നടപടിയാണിത്. ഗവര്‍ണ്ണറെ വിമര്‍ശിച്ചാല്‍ അതിനെ അധിക്ഷേപമായി കണ്ട് മന്ത്രിസ്ഥാനം തെറിപ്പിച്ചു കളയുമെന്നത് യഥാര്‍ത്ഥത്തില്‍ ഒരു ഭീഷണി തന്നെയാണ്. ഈ ഭീഷണിക്ക് കമ്യൂണിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്ന ഒരു സര്‍ക്കാര്‍ വഴങ്ങുമെന്നത് ആരിഫ് മുഹമ്മദ് ഖാന്റെ സ്വപ്നം മാത്രമായി അവസാനിക്കാനാണ് സാധ്യത.

താന്‍ ആരാണെന്നും ഒരു ജനാധിപത്യ രാജ്യത്ത് ഗവര്‍ണ്ണറുടെ അധികാര പരിധി എന്താണെന്നും ആദ്യം മനസ്സിലാക്കേണ്ടത് ആരിഫ് മുഹമ്മദ് ഖാനാണ്. ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രിമാര്‍ക്കെതിരെ ആരോപിക്കുന്ന ഗവര്‍ണ്ണര്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ ആ പദവിയുടെയും അന്തസ്സ് കെടുത്തി കൊണ്ടിരിക്കുന്നത്. ഇതു മനസ്സിലാക്കാന്‍ കൂടുതല്‍ പിറകോട്ട് സഞ്ചരിക്കേണ്ടതില്ല ആരിഫ് മുഹമ്മദ് ഖാന്റെ മുന്‍ഗാമിയായിരുന്ന പി.സദാശിവത്തിന്റെ പ്രവര്‍ത്തനവുമായി മാത്രം താരതമ്യം ചെയ്താല്‍ കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തമാകും. ഗവര്‍ണ്ണര്‍ പദവിയുടെ മാതൃകയായിരുന്നു ജസ്റ്റിസ് പി.സദാശിവം. അദ്ദേഹം എപ്പോഴും എന്തും വിളിച്ചു പറയുന്ന ഒരാളായിരുന്നില്ല. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ ‘ലഹരിയുമായിരുന്നില്ല’. ഒരിക്കല്‍ പോലും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ ഗവര്‍ണ്ണറായിരിക്കെ പി സദാശിവം തയ്യാറായിട്ടില്ല.

രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര അരങ്ങേറിയപ്പോഴും ചുവപ്പ് ഭീകരത ആരോപിച്ച് അമിത് ഷായുടെയും രാജ്യത്തെ എല്ലാ ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും കേന്ദ്ര മന്ത്രിമാരുടെയും നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാര്‍ച്ച് നടത്തിയിട്ടു പോലും സംസ്ഥാന സര്‍ക്കാറിനെതിരെ രാഷ്ട്രീയ പ്രേരിതമായ ഒരു നിലപാടും ജസ്റ്റിസ് സദാശിവം സ്വീകരിച്ചിരുന്നില്ല. ഗവര്‍ണ്ണര്‍ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച നിലപാടു കൂടിയായിരുന്നു അത്. എന്നാല്‍ പുതിയ ഗവര്‍ണ്ണര്‍ക്ക് ആ പാരമ്പര്യമില്ലന്നതാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിടത്തും ഉറച്ചു നില്‍ക്കാത്ത പാരമ്പര്യമാണ് ആരിഫ് മുഹമ്മദ് ഖാനുള്ളത്. എത്ര പാര്‍ട്ടികളില്‍ താന്‍ പ്രവര്‍ത്തിച്ചു എന്നതിന് പെട്ടന്ന് മറുപടി പറയാന്‍ അദ്ദേഹത്തിനു പോലും എളുപ്പത്തില്‍ കഴിഞ്ഞെന്നും വരില്ല. അതാണ് അവസ്ഥ. ആരിഫ് മുഹമ്മദ് ഖാന്റെ മനസ്സിലെ ആ പഴയ രാഷ്ട്രീയക്കാരന്‍ ഗവര്‍ണ്ണറായിട്ടും അദ്ദേഹത്തെ വിട്ടു പോയിട്ടില്ല എന്നു തന്നെ വേണം കരുതാന്‍. അങ്ങനെ സംശയിക്കാനും കാരണങ്ങള്‍ നിരവധിയാണ്.

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിമാരെ കേന്ദ്ര സര്‍ക്കാര്‍ കെട്ടിയിറക്കിയ ഒരു ഗവര്‍ണ്ണര്‍ക്കും അത്ര എളുപ്പത്തില്‍ പുറത്താക്കാന്‍ കഴിയുകയില്ല. അതിന് അതിന്റേതായ നടപടിക്രമങ്ങള്‍ ഒക്കെയുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട് ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പാടാക്കിയ നടപടികള്‍ അതേ വേഗതയില്‍ തന്നെ റദ്ദാക്കിയ ചരിത്രവും ഈ രാജ്യത്തെ നിയമവ്യവസ്ഥക്കുണ്ട്. അതും ഓര്‍ക്കുന്നത് നല്ലതാണ്. ഏതൊരു ജനാധിപത്യ രാജ്യത്തും ജനങ്ങള്‍ തന്നെയാണ് പരമാധികാരികള്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനെ പിരിച്ചു വിട്ടതുകൊണ്ടൊന്നും കാവി രാഷ്ട്രീയത്തിന് ഈ മണ്ണില്‍ ആധിപത്യം ഉറപ്പിക്കാന്‍ കഴിയുകയില്ല. ഇനി അഥവാ സര്‍ക്കാറിനെ പിരിച്ച് വിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാലും വീണ്ടും അധികാരത്തില്‍ വരാന്‍ പോകുന്നതും കാവിയുടെ ശത്രുക്കള്‍ തന്നെയാകും. അതാണ് ഈ നാടിന്റെ പ്രത്യേകത. ഇടതുപക്ഷ – പുരോഗമന പ്രസ്ഥാനങ്ങള്‍ ഉഴുതു മറിച്ച് പാകപ്പെടുത്തിയ മണ്ണാണിത്. മറ്റേത് സംസ്ഥാനങ്ങളില്‍ അട്ടിമറി സാധ്യമായാലും കേരളത്തില്‍ രാഷ്ട്രീയപരമായി ഒരു വിജയം ബി.ജെ.പിക്ക് അത്ര എളുപ്പത്തില്‍ സാധ്യമല്ല. അതിന് അവര്‍ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടതായി വരും. നേരം ഇരുട്ടി വെളുക്കുന്നതിനു മുന്‍പ് ഭരണം മാറി മറിയുന്ന ഉത്തരേന്ത്യന്‍ ചരിത്രമല്ല രാഷ്ട്രീയ കേരളത്തിനുള്ളത്. രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടാണിത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദുഖാനും ആ ചരിത്രം അറിഞ്ഞു വേണം പ്രവര്‍ത്തിക്കാന്‍.

ദൈനംദിന ഭരണനിര്‍വഹണത്തില്‍ ഗവര്‍ണര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഒന്നും തന്നെ നമ്മുടെ ഭരണഘടന നല്‍കുന്നില്ല. വിവരങ്ങള്‍ തേടുന്ന കാര്യത്തിലും ഗവര്‍ണറുടെ തുടര്‍ ഇടപെടലുകള്‍ ഒന്നും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഗവര്‍ണര്‍ എന്നത് അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ്. ഗവര്‍ണര്‍ക്ക് നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ലെന്നത് വ്യക്തം. പുതിയ ഭരണഘടനയുടെ തത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും ഗവര്‍ണ്ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തെ പിന്തുടരേണ്ടതുണ്ട്. ഭരണഘടനാ അസംബ്ലിയില്‍ ഗവര്‍ണറെ എങ്ങനെ നിശ്ചയിക്കണമെന്ന ചര്‍ച്ചകളില്‍ ഇടപെട്ടുകൊണ്ട് മഹാനായ അംബേദ്കര്‍ തന്നെയാണ് ഈ വിശദീകരണവും നടത്തിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് അധികാരങ്ങള്‍ ഒന്നും തന്നെയില്ലെന്നും കടമകളാണ് ഉള്ളതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഭരണനിര്‍വഹണത്തിലും നിയമനിര്‍മാണത്തിലും മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കേണ്ടതുണ്ട്. ഉത്തരവുകള്‍ ഗവര്‍ണറുടെ പേരിലായതുകൊണ്ട് അത് ആവശ്യവുമാണ്. സംസ്ഥാന ഭരണ നിര്‍വഹണത്തെയും നിയമനിര്‍മാണ നിര്‍ദേശങ്ങളെ സംബന്ധിച്ചും ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ദൈനംദിന ഭരണനിര്‍വഹണത്തില്‍ ഗവര്‍ണര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഒന്നും തന്നെ രാജ്യത്തെ ഭരണഘടന നല്‍കുന്നില്ല. വിവരങ്ങള്‍ തേടുന്ന കാര്യത്തിലും ഗവര്‍ണറുടെ തുടര്‍ ഇടപെടലുകള്‍ ഒന്നും ഭരണഘടന അനുവദിക്കുന്നില്ലന്നതും എടുത്തു പറയേണ്ട കാര്യമാണ്.

പി.രാജീവ് ചൂണ്ടിക്കാട്ടിയതു പോലെ ഭരണഘടനയിലെ വ്യത്യസ്ത ആര്‍ട്ടിക്കിളുകളെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളും സുപ്രീംകോടതിയുടെ വിവിധ വിധികളുമായി ചേര്‍ത്തുവച്ച് വായിക്കുമ്പോള്‍ ആര്‍ക്കും തന്നെ വ്യക്തത ലഭിക്കുന്നതാണ്. അതല്ലെങ്കിലാണ് അബദ്ധ ധാരണകളിലേക്ക് എത്തി സ്വയം കുരുക്കുകളില്‍ ചെന്നുപെടുക. അതിന് നല്ലൊരു ഉദാഹരണവും അദ്ദേഹം തന്നെ ചൂണ്ടികാട്ടുന്നുമുണ്ട്. മന്ത്രിസഭ അധികാരത്തില്‍ തുടരുന്നത് ഗവര്‍ണറുടെ ഇച്ഛയ്ക്ക് അനുസരിച്ചാണെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് മുന്‍ നിര്‍ത്തി ‘തനിക്ക് ഇഷ്ടമില്ലെന്ന് തോന്നിയാല്‍ മന്ത്രിസഭയെയോ മന്ത്രിമാരെയോ പുറത്താക്കാന്‍ അധികാരമുണ്ടെന്നാണ്’ ആരിഫ് മുഹമ്മദ് ഖാനെ പോലെയുള്ളവര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. അത്തരക്കാര്‍ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടാനുള്ളതും ഭരണഘടനാ ശില്പിയുടെ വാക്കുകള്‍ തന്നെയാണ്. ഇങ്ങനെയൊക്ക വ്യാഖ്യാനിക്കാന്‍ ഇടയുണ്ടെന്നു കണ്ട് അംബേദ്കര്‍ തന്നെയാണ് ഇക്കാര്യത്തിലും കൃത്യമായ വിശദീകരണം മുന്‍പ് നല്‍കിയിരുന്നത്. ഗവര്‍ണറുടെ ഇച്ഛയ്ക്ക് അനുസരിച്ച് എന്നതിന്റെ അര്‍ഥം നിയമസഭയിലെ ഭൂരിപക്ഷമെന്നല്ലാതെ മറ്റൊന്നുമല്ലെന്നതാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. മന്ത്രിസഭകളുടെ രൂപീകരണ ഘട്ടത്തിലാണ് ഇത്തരം വാദങ്ങള്‍ പലപ്പോഴും വിവാദങ്ങളിലേക്ക് എത്താറുള്ളത്. പലപ്പോഴും പ്രയോഗത്തില്‍ ഇത് ആത്മനിഷ്ഠമോ രാഷ്ട്രീയ നിലപാടോ ആയി മാറിയതുകൊണ്ട് പല ഘട്ടങ്ങളിലും സുപ്രീംകോടതിക്കുതന്നെ ഇടപെടേണ്ടി വന്നിട്ടുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

1959 -ല്‍ കേരളസര്‍ക്കാരിനെ പിരിച്ചുവിട്ട കോണ്‍ഗ്രസാണ് ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളുടെ അന്തസ്സത്തയെ തകര്‍ക്കുന്ന ജനാധിപത്യക്കുരുതിക്ക് രാജ്യത്ത് ആദ്യമായി തുടക്കമിട്ടിരുന്നത്. എന്നാല്‍ പിന്നീട് ഏറെ വൈകി വന്ന ‘ഗവര്‍ണറുടെ വിവേചനാധികാരം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന ‘ ബൊമ്മെ കേസിലെ വിധി ഭരണഘടനാ സങ്കല്‍പ്പത്തെ സംരക്ഷിക്കുന്നതായിരുന്നു. ഈ വിധിയാണ് യഥാര്‍ത്ഥത്തില്‍ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി സര്‍ക്കാരുകളെ പിരിച്ചുവിടുന്നതിന് ശക്തമായ നിയന്ത്രണം വരുത്തിയിരുന്നത്. 1999 ഫെബ്രുവരിയില്‍ ബീഹാറിലെ റാബ്‌റി ദേവി സര്‍ക്കാരിനെ പിരിച്ചുവിട്ട വാജ്‌പേയ് സര്‍ക്കാരിന് മാര്‍ച്ചില്‍ അവരെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടി വന്നതും ബൊമ്മെ കേസിലെ ഈ വിധിയുടെ പശ്ചാത്തലത്തിലാണ്. ഇതു പോലുള്ള പൊളളുന്ന ഓര്‍മ്മകള്‍ ഗവര്‍ണ്ണര്‍ ആരീഫ് മുഹമ്മദ് ഖാന് ഇല്ലങ്കിലും അദ്ദേഹത്തെ ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്കെങ്കിലും ഉണ്ടാകുന്നത് നല്ലതായിരിക്കും


EXPRESS KERALA VIEW

Top