അമ്പൂരി കൊലപാതകം; രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

തിരുവനന്തപുരം: അമ്പൂരിയില്‍ കൊല ചെയ്യപ്പെട്ട രാഖിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. അമ്പൂരി വാഴച്ചാലില്‍ നിന്നാണ് പല ഭാഗങ്ങളാക്കി ഉപേക്ഷിച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

കേസിലെ രണ്ടാം പ്രതിയായ രാഹുലാണ് കൊലപാതകത്തിന് ശേഷം രാഖിയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ച് ഉപേക്ഷിച്ചത്.

രാഖിയുടെ വസ്ത്രങ്ങളും സമീപപ്രദേശത്ത് തന്നെ ഉപേക്ഷിച്ചതായി പ്രതികള്‍ പൊലീസില്‍ മൊഴി നല്‍കി. ഇതിന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച പിക്കാസും മണ്‍വെട്ടിയും കണ്ടെടുത്തിയിരുന്നു.

കേസിലെ ഒന്നാം പ്രതിയായ അഖിലിന്റെ വീട്ടില്‍ നിന്നാണ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. അഖിലും രാഹുലും കൂടാതെ കേസിലെ മൂന്നാമത്തെ പ്രതിയായ ആദര്‍ശും ചേര്‍ന്നാണ് തൊണ്ടിമുതലുകള്‍ പൊലീസിന് കാണിച്ച് കൊടുത്തത്.

Top