കാമുകിയെ തേടി ആംബുലന്‍സില്‍ വടകരയിലേക്ക്; തിരുവനന്തപുരം സ്വദേശികള്‍ പിടിയില്‍

വടകര: കാമുകിയെ തേടി തിരുവനന്തപുരത്ത് നിന്നും ആംബുലന്‍സില്‍ വടകരയിലെത്തിയ കാമുകനുള്‍പ്പെടെയുള്ള മൂന്നുപേര്‍ പിടിയിലായി. തിരുവന്തരപുരം കീഴില്ലം മഞ്ഞിള കുഞ്ഞിക്കോട്ടേജില്‍ ശിവജിത്ത് (22), അരമഠം സജിത്ത് നിവാസില്‍ ബബീഷ്(48), ചെറിയതുറ ഫിഷര്‍മെന്‍ കോളനിയിലെ ഉണ്ണി അല്‍ഫോണ്‍സ് (29) എന്നിവരാണ് പിടിയിലായത്. മറ്റു പരാതിയില്ലാത്തതിനാല്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനും ലോക്ഡൗണ്‍ ലംഘനത്തിനും കേസെടുത്തു.

ആംബുലന്‍സിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ആംബുലന്‍സ് വടകര, ചോറോട് മേഖലയില്‍ കറങ്ങുകയായിരുന്നു.ഇവര്‍ രാവിലെ ചോറോട് മാങ്ങാട്ടുപാറ റൂട്ടില്‍ കുട്ടൂലിപാലത്തിനു സമീപത്തുനിന്നും ആംബുലന്‍സ് കഴുകുന്നതുകണ്ട് സംശയിച്ച നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാഹനം കസ്റ്റഡയിലെടുത്തെങ്കിലും ചോദ്യം ചെയ്തപ്പോള്‍ അസ്വാഭാവികത തോന്നാത്തതിനാല്‍ വിട്ടയച്ചു. പുത്തൂരിലെ ഒരു രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ വന്നതാണെന്നായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്.

സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ട ഇവര്‍ കുരിയാടി ഭാഗത്തേക്കാണ് പോയത്. ഇവിടെ പൂവാടന്‍ഗേറ്റിനു സമീപത്തെ റോഡരികില്‍ ആംബുലന്‍സ് നിര്‍ത്തി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടെ ഇതുവഴി എത്തിയ റവന്യൂ സംഘം കാര്യങ്ങളാരാഞ്ഞു. മറുപടിയില്‍ സംശയം തോന്നിയതിനെതുടര്‍ന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുരിയാടിയിലെ പെണ്‍കുട്ടിയെ തേടി എത്തിയതാണെന്ന മറുപടി ലഭിച്ചത്. ലോക്ഡൗണായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ ആംബുലന്‍സ് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.

Top