അമ്പൂരി കൊലപാതകം: മുഖ്യപ്രതി അഖില്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: അമ്പൂര്‍ രാഖി കൊലപാതകത്തിലെ മുഖ്യപ്രതി അഖില്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്.

നിലവില്‍ അമ്പൂരി കൊലപാതകത്തിലെ മൂന്നു പ്രതികളും പോലീസ് പിടിയിലായി. നേരത്തെ അഖിലിന്റ സഹോദരന്‍ രാഹുലിനെയും സുഹൃത്ത് ആദര്‍ശിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ 24നാണ് പൂവാര്‍ സ്വദേശിനി രാഖിമോളെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഒരു മാസം മുന്‍പ് കാണാതായ എറണാകുളത്തെ കേബിള്‍ കമ്പനിയിലെ ജീവനക്കാരി പൂവാര്‍ പുത്തന്‍കട ജോയിഭവനില്‍ രാജന്റെ മകള്‍ രാഖി മോളുടെ(30) മൃതദേഹം അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ അഖില്‍ ആര്‍ നായരുടെ(27) വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഇവരുടെ സുഹൃത്തായ ആദര്‍ശിനെ പിടികൂടിയതു വഴിയാണു പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസില്‍ കസ്റ്റഡിയിലുള്ള അഖിലിന്റെ സുഹൃത്ത് ആദര്‍ശ് ചോദ്യം ചെയ്യുന്നതിനിടയില്‍ പൊലീസിനോട് പറഞ്ഞത്.

Top