അമ്പൂരി കൊലക്കേസ്: മുഖ്യപ്രതി അഖിലിനെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: അമ്പൂരി കൊലക്കേസിലെ മുഖ്യപ്രതി അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. മൃതദേഹം കണ്ടെടുത്ത പറമ്പിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തും.

തെളിവെടുപ്പിന് ശേഷം അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഖിലിനേയും രണ്ടാം പ്രതി രാഹുലിനേയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാനാണ് പോലീസിന്റെ തീരുമാനം.
മൃതദേഹം കുഴിച്ചിടാനുളള കുഴി അച്ഛന്‍ മണിയന്റെ കൂടി സഹായത്തോടെ നേരത്തെ എടുത്തതായും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. അച്ഛന് കൊലയില്‍ പങ്കില്ലെന്നാണ് അഖിലിന്റെ മൊഴിയെങ്കിലും പൊലീസ് അത് വിശ്വസിക്കുന്നില്ല.

അഖിലും രാഹുലും ചേര്‍ന്ന് കഴുത്തു ഞെരിച്ചാണ് രാഖിയെക്കൊന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്തതുകൊണ്ടാണ് രാഖിയെ കൊന്നതെന്നാണ് അഖിലിന്റെ മൊഴി. രാഖിയും അഖിലും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് രാഖി ബഹളം വച്ചു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് രാഖിയുടെ കഴുത്തില്‍ താലികെട്ടി. എന്നിട്ടും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോയി. രാഖി പൊലീസില്‍ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

Top