അമ്പൂരി കൊലപാതകം : തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ് സംഘം മടങ്ങി

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകക്കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ പൊലീസ് സംഘം മടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് സംഘം തിരികെ പോയത്. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാനുപയോഗിച്ച കയറും ഇവിടെ നിന്നും കണ്ടെടുക്കാനായില്ല.

അഖിലുമായി എത്തിയ പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും പറഞ്ഞായിരുന്നു ജനക്കൂട്ടം അക്രമാസക്തരായത്. അഖിലിനെതിരെ കൂക്കിവിളിയും കല്ലേറുമുണ്ടായി. രാഖിയെ കൊന്ന് കുഴിച്ചുമൂടിയ അഖിലിന്റെ പുതിയ വീട്ടിലും സമീപത്തുമാണ് തെളിവെടുപ്പ് നടത്തിയത്.

പൊലീസ് വാഹനം തടഞ്ഞുവക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോള്‍ നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് അഖിലിനെ തെളിവെടുപ്പിന് എത്തിച്ചത്.

ശനിയാഴ്ചയാണ് സൈനികനായ അഖിലും സഹോദരന്‍ രാഹുലും പൊലീസിന്റെ പിടിയിലായത്. കൃത്യത്തിനു ശേഷം ഡല്‍ഹി സൈനിക കേന്ദ്രത്തിലേക്കു ജോലിക്കെന്ന പേരില്‍ പോയതായിരുന്നു അഖില്‍. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെന്നു പൊലീസിനു അറിവു ലഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ചാണ് അഖിലിനെ പിടികൂടിയത്.

അതേസമയം കൊലപാതകത്തില്‍ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖില്‍ പറഞ്ഞു. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്നു രാഖി മോള്‍ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൂവാര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

രാഖിയും അഖിലും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് രാഖി ബഹളം വച്ചു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് രാഖിയുടെ കഴുത്തില്‍ താലികെട്ടി. എന്നിട്ടും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോയി. രാഖി പൊലീസില്‍ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

‘എങ്കില്‍ പിന്നെ കൊന്നോട്ടെ’ എന്ന അഖിലിന്റെ ചോദ്യത്തിനു ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കി. ഇതോടെ കാറിന്റെ മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍നിന്ന് അഖില്‍ കൈത്തണ്ടകൊണ്ടു കഴുത്തു ഞെരിച്ചു. കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞു. ഇതു വ്യക്തമായില്ല. നിലപാടു മാറ്റിയതാണെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ, തീര്‍ക്കാമെന്നു കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി.

കാട്ടാക്കട അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറില്‍ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസില്‍ അറസ്റ്റിലായ വാഴിച്ചല്‍ അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍ അഖിലി(24)യും ജ്യേഷ്ഠന്‍ രാഹുലി(26)നെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top