കുഴിവെട്ടിയതും കമുക് വച്ചതുമെല്ലാം താന്‍ തന്നെയാണെന്ന് അഖിലിന്റെ അച്ഛന്‍

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകക്കേസില്‍ വിശദീകരണവുമായി അഖിലിന്റെ അച്ഛന്‍. കുഴിവെട്ടിയതും കമുക് വച്ചതും എല്ലാം താന്‍ തന്നെയാണെന്ന് അഖിലിന്റെ അച്ഛന്‍ പറഞ്ഞു. എന്നാല്‍ കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നു. കൊലപാതക വിവരം പുറത്തായതോടെ കീഴടങ്ങാന്‍ മക്കളെ ഉപദേശിച്ചത് താനാണെന്നും മണിയന്‍ വ്യക്തമാക്കി.

സംഭവത്തില്‍ അഖിലിന്റെ അച്ഛനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന ആരോപണം രാഖിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷണത്തിലും കുടുംബാംഗങ്ങളുടെ പങ്കിലേക്ക് കാര്യങ്ങള്‍ നീളുന്നതിനിടെയാണ് അഖിലിന്റെ അച്ഛന്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ മുഖ്യപ്രതി അഖിലിന്റെ മൊഴി പുറത്ത് വന്നിരുന്നു. ഒപ്പം ജീവിക്കണമെന്ന രാഖിയുടെ നിര്‍ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഖില്‍ പറഞ്ഞു. തന്നെ ഒഴിവാക്കിയാല്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് രാഖി പറഞ്ഞിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് കൊലപാകതം ആസൂത്രണം ചെയ്തതെന്നും അഖില്‍ പറയുന്നു.

സഹോദരന്‍ രാഹുല്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സഹായിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രാഖിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഉപേക്ഷിച്ചത് രാഹുലാണെന്നും അഖില്‍ മൊഴി നല്‍കി. അച്ഛന്‍ കുഴിയെടുക്കാന്‍ സഹായിച്ചിരുന്നുവെന്നും എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. കുഴി മുന്‍കൂട്ടി തയ്യാറാക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം കശ്മീരിലെ ലേയിലേക്കാണ് താന്‍ പോയതെന്നും അഖില്‍ മൊഴി നല്‍കി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഖിലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ അമ്പൂരി കൊലപാതകത്തിലെ മൂന്നു പ്രതികളും പൊലീസ് പിടിയിലായി. നേരത്തെ അഖിലിന്റ സഹോദരന്‍ രാഹുലിനെയും സുഹൃത്ത് ആദര്‍ശിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ 24നാണ് പൂവാര്‍ സ്വദേശിനി രാഖിമോളെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഒരു മാസം മുന്‍പ് കാണാതായ എറണാകുളത്തെ കേബിള്‍ കമ്പനിയിലെ ജീവനക്കാരി പൂവാര്‍ പുത്തന്‍കട ജോയിഭവനില്‍ രാജന്റെ മകള്‍ രാഖി മോളുടെ(30) മൃതദേഹം അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് ഭവനില്‍ അഖില്‍ ആര്‍ നായരുടെ(27) വീടിനോടു ചേര്‍ന്ന റബര്‍ പുരയിടത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു.

ഇവരുടെ സുഹൃത്തായ ആദര്‍ശിനെ പിടികൂടിയതു വഴിയാണു പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസില്‍ കസ്റ്റഡിയിലുള്ള അഖിലിന്റെ സുഹൃത്ത് ആദര്‍ശ് ചോദ്യം ചെയ്യുന്നതിനിടയില്‍ പൊലീസിനോട് പറഞ്ഞത്.

Top