ബ്രെക്‌സിറ്റ് നടപടിയില്‍ പ്രതിഷേധം; അംബര്‍ റൂഡ് രാജിവച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം അംബര്‍ റൂഡ് രാജിവച്ചു. ബ്രെക്‌സിറ്റ് വിഷയത്തിലെ ബോറിസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

താന്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ച് കണ്‍സര്‍വേറ്റീവ് വിപ്പിന് കീഴടങ്ങിയെന്ന് അംബര്‍ ട്വീറ്റ് ചെയ്തു. വിശ്വസ്തരായ എം.പിമാരെ പുറത്താക്കിയ നടപടിക്കൊപ്പം നില്‍ക്കാന്‍ തനിക്കാവില്ലെന്നും അംബര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബോറിസ് ജോണ്‍സന്റെ സഹോദരനും ബിസിനസ് വകുപ്പ് മന്ത്രിയുമായ ജോ ജോണ്‍സന്‍ രാജിവച്ചത്.

ബ്രെക്‌സിറ്റ് തീയ്യതി നീട്ടണമെന്നാവശ്യപ്പെട്ട ബില്‍, പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയെങ്കിലും തീയ്യതി വൈകിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.

കരാറില്ലാതെ ഒക്ടോബര്‍ 31-ന് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള ബോറിസ് ജോണ്‍സന്റെ ശ്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.

Top