ജോണി ഡെപ്പിന് ഒരു മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ആംബര്‍ ഹേഡ്

 

മാനനഷ്ടക്കേസില്‍ ഹോളിവുഡ് താരം ജോണി ഡെപ്പിന് ഒരു മില്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരം നല്‍കി മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ്. കഴിഞ്ഞ ജൂണിലാണ് കേസ് സംബന്ധിച്ച അന്തിമ വിധി വന്നത്. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ഒടുവില്‍ ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്ന് ഡെപ്പ് സമ്മതച്ചു. ഈ പണം മുഴുവന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2015ലാണ് ഡെപ്പും ഹേഡും വിവാഹിതരാകുന്നത്. 2017-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 2018 ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡിസ്നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ ഡെപ്പിനെ സിനിമകളില്‍നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു.

എന്നാല്‍, ഹേഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു.

ഒടുവില്‍ ഡെപ്പിന്റെ ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് അന്തിമവിധിപുറത്തു വന്നത്. ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവ നടക്കുന്നതിനിടെ ഒരുപാട് നാടകീയ സംഭവങ്ങള്‍ കോടതിയില്‍ അരങ്ങേറി. വിചാരണയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുകയാണ് ഡെപ്പ്. ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയി പതിനഞ്ചാമന്റെ ജീവിതകഥ പറയുന്ന ചരിത്ര സിനിമ ‘ജാന്‍ ഡു ബാഹി’യാണ് ഡെപ്പിന്റെ ഏറ്റവും പുതിയ ചിത്രം. 76-ാം കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് ഏഴു മിനിറ്റോളം കയ്യടിച്ച് ഡെപ്പിനോടുള്ള ആദരവ് പ്രകടിപ്പിച്ചു. പ്രേക്ഷകരുടെ സ്നേഹത്തെ നിറകണ്ണുകളോടെയാണ് താരം സ്വീകരിച്ചത്. ചിത്രത്തില്‍ ലൂയി പതിനഞ്ചാമനായി ഡെപ്പ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെട്ടു.

 

Top