‘അനന്തരാവകാശ രാഷ്ട്രീയത്തെ അംബേദ്കര്‍ തള്ളിക്കളയുമായിരുന്നു’; ശശി തരൂര്‍

ന്യൂഡൽഹി: രാഷ്ട്രീയത്തിലെ അനന്തരാവകാശത്തെ ഡോ. ബി ആർ അംബേദ്കർ പോലും അം​ഗീകരിക്കില്ലെന്ന് കോൺ​ഗ്രസ് മുതിർന്ന നേതാവ് ശശി തരൂർ എംപി. അ​ദ്ദേഹം അനന്തരാവകാശത്തെ ശക്തമായി വിമർശിക്കുമായിരുന്നു. രാഷ്ട്രീയ നേതൃസ്ഥാനത്തേക്കുളളവരെ തെരഞ്ഞെടുപ്പിനേക്കാളുമുപരി അനന്തരാവകാശങ്ങളുടേയോ അല്ലെങ്കിൽ മറ്റ് യോ​ഗ്യതകളുടേയോ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കേണ്ടതെന്ന വാദത്തെ അംബേദ്കർ തളളിക്കളയുമെന്നും തരൂർ പറഞ്ഞു. തന്റെ പുസ്തകമായ ‘അംബേദ്കർ: എ ലൈഫ്’ ന്റെ പ്രകാശന ചടങ്ങിനിടെയാണ് തരൂരിന്റെ അഭിപ്രായപ്രകടനം.

തെരഞ്ഞെടുപ്പുകളിലൂടേയോ അല്ലെങ്കിൽ മറ്റ് രീതികളിലൂടേയോ കടന്നു പോകുന്നതിന് പകരം രാഷ്ട്രീയ നേതൃത്വം അനന്തരാവകാശത്തിലൂടെ കടന്നുപോകണം എന്ന ആശയത്തെ അദ്ദേഹം അംഗീകരിക്കാതിരിക്കുകയും വിമർശിക്കുകയും ചെയ്യുമായിരുന്നു. ഇത് തികച്ചും സുരക്ഷിതമായ അനുമാനമാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയുമെന്നും തരൂർ കൂട്ടിച്ചേർത്തു. ഇതിനെക്കുറിച്ച് അംബേദ്കർ എവിടേയും എഴുതിയിട്ടില്ല. ഉള്‍പ്പാര്‍ട്ടി തെരഞ്ഞെടുപ്പാണ് ശരിയായ മാര്‍ഗമെന്നും തരൂർ വ്യക്തമാക്കി.

സംസ്ഥാനങ്ങളിലെ പാർട്ടി അധികാരം കുടുംബങ്ങളിൽ കേന്ദ്രീകരിക്കുന്നതിലുളള അംബേദ്കറുടെ വീക്ഷണങ്ങളെക്കുറിച്ചുളള ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു തരൂരിന്റെ അഭിപ്രായ പ്രകടനം. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകൂർ, മുൻ രാജ്യസഭാ എംപി ഭാൽചന്ദ്ര മുങ്കേക്കർ, അഭിഭാഷക കരുണ നുണ്ടി എന്നിവർ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

അദ്ധ്യക്ഷ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ശശി തരൂരിന്റെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്. സ്ഥാനാർത്ഥിയായ മല്ലികാർജുൻ ഖാർ​ഗെയ്ക്ക് ലഭിക്കുന്ന പരി​ഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ശശി തരൂർ എംപി ആരോപിച്ചിരുന്നു. പ്രചരണത്തിന്റെ ഭാ​ഗമായി പലസ്ഥലങ്ങളിലും പോയപ്പോൾ അവിടുത്തെ പാർട്ടി അദ്ധ്യക്ഷൻമാർ നേരിൽ കാണാൻ പോലും കൂട്ടാക്കിയില്ല. ഖാർ​ഗെ എത്തുമ്പോൾ പിസിസി അദ്ധ്യക്ഷന്മാരും നിയമസഭാകക്ഷികളും ചേർന്ന് സ്വീകരിക്കുന്നു. പക്ഷെ തന്റെ കാര്യത്തിൽ ഇങ്ങനെയൊന്നും ഉണ്ടായില്ലെന്നും തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.

 

Top