തമിഴ്‌നാട്ടിലെ കോടതികളില്‍ നിന്ന് അംബേദ്കര്‍ ചിത്രങ്ങള്‍ നീക്കില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ കോടതികളില്‍ നിന്ന് അംബേദ്കറിന്റെ ചിത്രം നീക്കം ചെയ്യില്ലെന്ന് അറിയിച്ച് മദ്രാസ് ഹൈക്കോടതി. ഇപ്പോഴുളള എല്ലാ ചിത്രങ്ങളും നിലനിര്‍ത്തുമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയതായി നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. ഗാന്ധിജിയുടെയും തിരുവള്ളുവറുടെയും ഒഴികെയുളള ചിത്രങ്ങളും പ്രതിമകളും നീക്കാന്‍ ജൂലൈ ഏഴിന് രജിസ്ട്രാര്‍ ജനറല്‍ ഇറക്കിയ സര്‍ക്കുലര്‍ വിവാദമായിരുന്നു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ കോടതികള്‍ക്കും ഉത്തരവ് ബാധകമെന്നായിരുന്നു സര്‍ക്കുലര്‍. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നിയമമന്ത്രി, ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്.

ചിത്രങ്ങള്‍ നീക്കാനുള്ള സര്‍ക്കുലര്‍ വന്നതിന് പിന്നാലെ അംബേദ്കര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഉയര്‍ത്തിക്കാണിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വിടുതലൈ ചിരുതൈകള്‍ കച്ചി അദ്ധ്യക്ഷന്‍ തോള്‍ തിരുമാവളവന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ എന്നിവരുള്‍പ്പെടെയുള്ളവര്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Top